
വാഷിംഗ്ടൺ: വെനസ്വേലൻ തീരത്ത് വെച്ച് യുഎസ് സൈന്യം ഒരു എണ്ണ ടാങ്കർ പിടിച്ചെടുത്തതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. പ്രസിഡന്‍റ് നിക്കോളാസ് മഡുറോയുടെ ഭരണകൂടത്തിന് മേലുള്ള യുഎസിന്‍റെ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതാണ് ഈ നീക്കം. “നിങ്ങൾക്കറിയാവുന്നതുപോലെ ഞങ്ങൾ ഇപ്പോൾ വെനസ്വേലൻ തീരത്ത് വെച്ച് ഒരു ടാങ്കർ പിടിച്ചെടുത്തു” ട്രംപ് പറഞ്ഞു. “വലിയ ടാങ്കറാണ്, വളരെ വലുത്, വാസ്തവത്തിൽ ഇന്നുവരെ പിടിച്ചെടുത്തതിൽ ഏറ്റവും വലിയത്.”
വെനസ്വേലയും ഇറാനും ഉൾപ്പെടെയുള്ള വിദേശ ഭീകര സംഘടനകളെ പിന്തുണയ്ക്കുന്ന നിയമവിരുദ്ധ എണ്ണക്കടത്ത് ശൃംഖലയിൽ പങ്കെടുത്തതിന് വർഷങ്ങളായി യുഎസ് ഉപരോധം ഏർപ്പെടുത്തിയ ടാങ്കറാണ് ഇത് എന്ന് അറ്റോർണി ജനറൽ പാം ബോണ്ടി പറഞ്ഞു. ഒരു ഹെലികോപ്റ്ററിൽ നിന്ന് സായുധ ഉദ്യോഗസ്ഥർ കപ്പലിലേക്ക് ഇറങ്ങുന്നതിൻ്റെ വീഡിയോ ബോണ്ടി എക്സിൽ പോസ്റ്റ് ചെയ്തു. എഫ്ബിഐ, ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ്, യുഎസ് കോസ്റ്റ് ഗാർഡ് എന്നിവർ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് വാറിൻ്റെ പിന്തുണയോടെയാണ് ഈ പിടിച്ചെടുക്കൽ നടത്തിയതെന്ന് അവർ പറഞ്ഞു.
യാത്രാവിലക്ക് ലംഘിച്ച് രാജ്യം വിട്ട വെനസ്വേലൻ പ്രതിപക്ഷ നേതാവും നോബൽ സമ്മാന ജേതാവുമായ മരിയ കൊറീന മച്ചാഡോ ഓസ്‌ലോയിൽ എത്തിയതിന് പിന്നാലെയാണ് ഈ ടാങ്കർ പിടിച്ചെടുത്തത്. ഈ നടപടിയെക്കുറിച്ച് ട്രംപ് വിശദമായ വിശദീകരണം നൽകിയില്ല, വളരെ നല്ല കാരണത്താൽ കപ്പൽ പിടിച്ചെടുത്തുവെന്ന് മാത്രം പറഞ്ഞു. ടാങ്കർ കൊണ്ടുപോവുകയായിരുന്ന എണ്ണയ്ക്ക് എന്ത് സംഭവിക്കുമെന്ന ചോദ്യത്തിന് ട്രംപ്, “ഞങ്ങൾ അത് എടുക്കും എന്നാണ് ഊഹമെന്നും അദ്ദേഹം മറുപടി നൽകി.















