വെനസ്വേലയുടെ വമ്പൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്; അമേരിക്ക ‘കടൽക്കൊള്ള’ നടത്തുന്നു എന്ന് വെനസ്വേല, ഇനി കരയുദ്ധമോ?

കരീബിയൻ കടലിൽ വെനസ്വേലയുടെ വമ്പൻ എണ്ണക്കപ്പൽ യുഎസ് സൈന്യം പിടിച്ചെടുത്തെന്ന് അവകാശപ്പെട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘ഞങ്ങൾ അൽപം മുമ്പൊരു കപ്പൽ വെനസ്വേലൻ തീരത്തുനിന്ന് പിടിച്ചെടുത്തു. വലുതാണ്. വലുതെന്നുപറഞ്ഞാൽ വളരെ വലുത്’’ – ട്രംപ് പറഞ്ഞു.

എന്നാൽ, എണ്ണ വ്യാപാരരംഗത്തെ നിരീക്ഷണ/ഗവേഷണ സ്ഥാപനമായ കെപ്ലറിന്റെ അനുമാനപ്രകാരം ഇത് ഗയാനയുടെ പതാകവഹിക്കുന്ന ‘സ്കിപ്പർ’ എന്ന കപ്പലാണ്. വമ്പൻ ക്രൂഡ് കാരിയർ അഥവാ വിഎൽസിസി ഗണത്തിൽപ്പെടുന്ന കപ്പലാണിത്. നവംബർ പാതിയോടെ നിറച്ച 11 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഈ കപ്പലിലുണ്ട്. ക്യൂബ ലക്ഷ്യമാക്കിയായിരുന്നു കപ്പലിന്റെ യാത്രയെന്നും കരുതുന്നു.

കപ്പൽ കണ്ടുകെട്ടുമെന്ന വാറന്റ് പുറപ്പെടുവിച്ചിരുന്നെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. പെന്റഗണിന്റെ അനുമതിയോടെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ), യുഎസ് കോസ്റ്റ് ഗാർഡ് എന്നിവയാണ് വാറന്റ് പുറപ്പെടുവിച്ചതെന്ന് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി പറഞ്ഞു. യുഎസ് സൈനികർ ഹെലികോപ്ടർ വഴി കപ്പലിലേക്ക് ഇറങ്ങുന്നതിന്റെ വിഡിയോ ദൃശ്യവും ബോണ്ടി എക്സിൽ പങ്കുവച്ചു.

വെനസ്വേലയിൽ നിന്ന് ഇറാനിലേക്ക് പതിവായി എണ്ണ കൊണ്ടുപോയിരുന്ന കപ്പലാണിത്. ഭീകരവാദ സംഘടനകളെ പിന്തുണയ്ക്കുന്നുവെന്നു കണ്ടെത്തിയതിനെ തുടർന്ന് കപ്പലിന് നേരത്തേതന്നെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു എന്നും ബോണ്ടി പറഞ്ഞു.

എന്നാൽ യുഎസ് കടൽകൊള്ള നടത്തുകയാണെന്നും വെനസ്വേലയെ ആക്രമിക്കുകയാണെന്നും വെനസ്വേല പ്രതികരിച്ചു. ഒരു നീണ്ട പ്രസ്താവനയിൽ, വെനസ്വേല, ഡൊണാൾഡ് ട്രംപിൻ്റെ നടപടിയെ അപലപിച്ചു. “നമ്മുടെ രാജ്യത്തിനെതിരായ ആക്രമണം നമ്മുടെ ഊർജ്ജ സ്രോതസ്സുകൾ കൊള്ളയടിക്കാനുള്ള ബോധപൂർവമായ യുഎസ് പദ്ധതിയുടെ ഭാഗമാണ്”.

വെനസ്വേലയ്‌ക്കെതിരായ ദീർഘകാല ആക്രമണത്തിന് പിന്നിലെ കാരണങ്ങൾ “ഒടുവിൽ വെളിപ്പെട്ടു” എന്നും പ്രസ്താവനയിൽ പറയുന്നു.

“ഇത് കുടിയേറ്റമല്ല. മയക്കുമരുന്ന് കടത്തലല്ല. അത് ജനാധിപത്യമല്ല. അത് മനുഷ്യാവകാശമല്ല. അത് നമ്മുടെ പ്രകൃതിവിഭവങ്ങൾ, നമ്മുടെ എണ്ണ, നമ്മുടെ ഊർജ്ജം, വെനിസ്വേലൻ ജനതയ്ക്ക് മാത്രമുള്ള വിഭവങ്ങൾ കൊള്ളയടിക്കാനുള്ള പദ്ധതിയാണ്.”

നിലവിലുള്ള എല്ലാ അന്താരാഷ്ട്ര സ്ഥാപനങ്ങളോടും “ഈ ഗുരുതരമായ അന്താരാഷ്ട്ര കുറ്റകൃത്യത്തെ അപലപിക്കാൻ” അഭ്യർത്ഥിക്കുകയും “വെനസ്വേലയുടെ പരമാധികാരം, പ്രകൃതിവിഭവങ്ങൾ, ദേശീയ അന്തസ്സ് എന്നിവയെ പൂർണ്ണ ദൃഢനിശ്ചയത്തോടെ സംരക്ഷിക്കുകയും” ചെയ്യുമെന്നും പ്രസ്താവന പറഞ്ഞു.

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് നേരത്തെ തന്നെ ട്രംപ് പറഞ്ഞിരുന്നു. യുഎസ് വൈകാതെ വെനസ്വേലയ്ക്കെതിരെ കരയുദ്ധം ആരംഭിച്ചേക്കുമെന്ന സൂചനയായാണ് ഈ പുതിയ സംഭവത്തെ പലരും കാണുന്നത്. ‘‘കരയുദ്ധമുണ്ടാകുമെന്നോ ഇല്ലെന്നോ ഞാൻ പറയുന്നില്ല. ഞാനിപ്പോൾ അതേക്കുറിച്ച് സംസാരിക്കുന്നില്ല’’ എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് ട്രംപിന്റെ മറുപടി. നിലവിൽ കരീബിയൻ കടലിൽ യുഎസ് സൈന്യം വൻ സന്നാഹമൊരുക്കുകയും മയക്കുമരുന്ന് കടത്ത് ആരോപിച്ച് നിരവധി വെനസ്വേലൻ ബോട്ടുകൾ തകർക്കുകയും ചെയ്തിട്ടുണ്ട്.

ലോകത്ത് ഏറ്റവുമധികം എണ്ണശേഖരമുള്ള രാജ്യമാണ് വെനസ്വേല. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെ സ്ഥാപകാംഗങ്ങളിലൊന്നുമാണ്. വർഷം ശരാശരി 7.49 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് വെനസ്വേലയുടെ പ്രതിദിന കയറ്റുമതി. ഇതിൽ ഏതാണ്ട് പാതിയും ചെല്ലുന്നത് ചൈനയിലേക്ക്. യുഎസിലേക്ക് പ്രതിദിനം 1.32 ലക്ഷം ബാരലും കയറ്റുമതി ചെയ്യുന്നുണ്ട്.

US seizes Venezuela’s largest oil tanker; Venezuela says US is committing ‘piracy’

More Stories from this section

family-dental
witywide