
വാഷിംഗ്ടൺ: ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ പാസാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ നിർദേശം നടപ്പാക്കാനുള്ള ശ്രമങ്ങളുമായി യുഎസ് സെനറ്റ്. അമേരിക്കയുടെ സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലിന് മുൻപ് പാസാക്കാനുള്ള ശ്രമമാണ് ട്രംപിൻ്റെ നിർദ്ദേശപ്രകാരം പുരോഗമിക്കുന്നത്. നിലവിൽ സെനറ്റിൽ ബില്ലിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കവേ വോട്ടെടുപ്പ് തിങ്കളാഴ്‌ച നടക്കുമെന്നാണ് പ്രതീക്ഷ.അതേസമയം, ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെതിരെ ഇലോൺ മസ്ക് രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയിൽ വൻ തൊഴിൽ നഷ്ടത്തിന് ഈ കരട് ബിൽ കാരണമാകുമെന്നും പുതിയ വ്യവസായങ്ങളെ നശിപ്പിക്കുമെന്നും മസ്ക് പറഞ്ഞു.
ജൂലൈ നാലിന് മുൻപ് ട്രംപിന്റെ താൽപര്യമനുസരിച്ച് റിപ്പബ്ലിക്കൻ സെനറ്റർമാർ ബിൽ പാസാക്കാൻ ശ്രമിക്കുമ്പോൾ ഡെമോക്രാറ്റുകൾ ശക്തമായി എതിർക്കുന്നുണ്ട്. എന്നാൽ അപ്രതീക്ഷിതമായി പ്രമുഖ വ്യവസായിയായ മസ്കിൽ നിന്ന് ലഭിച്ച പിന്തുണ റിപ്പബ്ലിക്കൻമാർക്ക് ആശ്വാസകരമാണ്. അമേരിക്കയുടെ വിവിധ മേഖലകളിൽ (ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസ വായ്പ, നികുതി, സോഷ്യൽ സെക്യൂരിറ്റി, മെഡികെയ്‌ഡ്, ക്ലീൻ എനർജി, പ്രതിരോധം, ഇമ്മിഗ്രേഷൻ, ടിപ്പ് വാങ്ങൽ, എഐ റഗുലേഷൻ തുടങ്ങിയവ) വലിയ മാറ്റങ്ങൾക്ക് ഈ ബില്ല് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
ബില്ലിനെതിരെയുള്ള മസ്‌കിൻ്റെ പ്രതികരണം ദൗർഭാഗ്യകരമാണ്. ബിൽ പാസാക്കുന്നതിലും അമേരിക്കയെ വീണ്ടും മഹത്തരമാക്കുന്നതിലുമാണ് പ്രസിഡന്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പ്രതികരിച്ചു. എന്നാൽ, പിന്നീട് തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സമൂഹമാധ്യമത്തിലൂടെ മസ്ക് രംഗത്തെത്തിയിട്ടുണ്ട്.