കയ്യും കാലും ബന്ധിച്ച് കുറ്റവാളികളെപ്പൊലെ…നെഞ്ചുപിടയും കണ്ടാല്‍…ഇന്ത്യക്കാരെ മടക്കി അയച്ച വിഡിയോ പങ്കുവെച്ച് യുഎസ്

ന്യൂഡല്‍ഹി : അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ ആദ്യ സംഘത്തെ അമേരിക്ക നാടുകടത്തിയ രീതിക്കെതിരെ ഇന്ത്യയില്‍ പ്രതിഷേധം ഉയരവെ 104 പേരെ വിമാനത്തില്‍ കയറ്റുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് യുഎസ് ബോര്‍ഡര്‍ പട്രോള്‍ ടീം.

കൈകളില്‍ വിലങ്ങിടുകയും കാലില്‍ ചങ്ങലയിടുകയും ചെയ്തായിരുന്നു 104 ഇന്ത്യക്കാരെ വിമാനത്തില്‍ കയറ്റിയത്. ഏകദേശം ഒരു ദിവസം നീണ്ടുനിന്ന ഒരു യാത്രയ്ക്ക് ശേഷമാണ് യുഎസ് സൈനിക വിമാനം അമൃത്സറിലെത്തിയത്. യുഎസ്ബിപി മേധാവി മൈക്കല്‍ ഡബ്ല്യു ബാങ്ക്‌സ് ആണ് 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ എക്സില്‍ പോസ്റ്റ് ചെയ്തത്.

‘നിയമവിരുദ്ധ വിദേശികളെ വിജയകരമായി ഇന്ത്യയിലേക്ക് തിരിച്ചയച്ചു, സൈനിക വിമാനം ഉപയോഗിച്ച് ഇതുവരെ നടത്തിയ ഏറ്റവും ദൂരെയുള്ള നാടുകടത്തല്‍ വിമാനമാണിത്. ഇമിഗ്രേഷന്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഈ ദൗത്യം അടിവരയിടുന്നു… നിങ്ങള്‍ നിയമവിരുദ്ധമായി കടന്നാല്‍, നിങ്ങളെ നീക്കം ചെയ്യും’ ബാങ്ക്‌സ് വിഡിയോയ്‌ക്കൊപ്പം കുറിച്ചതിങ്ങനെ.

യുഎസ് സൈന്യത്തിന്റെ സി-17 വിമാനത്തിന്റെ പിന്‍വാതില്‍ തുറക്കുന്നതും ഒരു വലിയ കാര്‍ഗോ പാലറ്റ് കയറ്റുന്നതും, തുടര്‍ന്ന് അനധികൃത കുടിയേറ്റക്കാരുടെ ഒരു നീണ്ട നിരയും വിഡിയോയില്‍ കാണാം. രാത്രി വൈകിയാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

കുടിയേറ്റത്തിനെതിരെ ശക്തമായ നിലപാടെടുത്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടം ശരവേഗത്തിലാണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നത്. സൈനിക വിമാനത്തില്‍ കുറ്റവാളികളെപ്പോലെയാണ് കുടിയേറ്റക്കാരെ നാടുകടത്തുന്നത്. ഇത് ലോകരാജ്യങ്ങളില്‍ അമര്‍ഷത്തിനിടാക്കുന്നുണ്ട്. ഇന്ത്യയിലും വലിയ തരത്തിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ഇന്നലെ തിരിച്ചെത്തിച്ചവരില്‍ നാലു വയസുള്ള കുട്ടിയുമുണ്ട്. തങ്ങളുടെ അമേരിക്കന്‍ സ്വപ്‌നങ്ങള്‍ തകര്‍ന്നുപോയ വേദനയിലാണ് മടങ്ങിയെത്തിയവര്‍.