ഒരുമാസം പിന്നിട്ട് യുഎസ് ഷട്ട്ഡൗണ്‍ : അടച്ചുപൂട്ടലിനിടയിലും സൈനികര്‍ക്ക് ശമ്പളം ലഭിക്കും; SNAP ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഭരണകൂടത്തിന് കോടതി ഉത്തരവ്

വാഷിംഗ്ടണ്‍ : യുഎസില്‍ ഭരണപ്രതിസന്ധി വരുത്തി തുടരുന്ന ഷട്ട്ഡൗണ്‍ ഒരുമാസത്തിലേക്കെത്തി. പ്രസിഡന്റ് ട്രംപിന്റെ ഭരണകൂടം കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് ഷട്ട്ഡൗണ്‍ പ്രഖ്യാപിച്ചത്. അതിനിടെ 42 ദശലക്ഷം അമേരിക്കക്കാര്‍ക്ക് ഭക്ഷണം സഹായം നല്‍കുന്ന SNAP (SNAP Food Stamp) ആനുകൂല്യങ്ങള്‍ നിര്‍ത്തുന്നതില്‍ നിന്ന് ട്രംപ് ഭരണകൂടത്തെ റോഡ് ഐലന്‍ഡിലെ ഒരു ഫെഡറല്‍ ജഡ്ജി തടഞ്ഞു. അടിയന്തര ഫണ്ടുകളില്‍ നിന്ന് ഭക്ഷണ ആനുകൂല്യത്തിനുള്ള പണം ‘എത്രയും വേഗം’ നല്‍കണമെന്നാണ് ജഡ്ജി ജാക്ക് മക്കോണലിന്റെ വാക്കാലുള്ള വിധി.

അതേസമയം, സമാന സ്വഭാവമുള്ള മറ്റൊരു കേസില്‍, നവംബറില്‍ കുറഞ്ഞ SNAP ആനുകൂല്യങ്ങള്‍ക്കെങ്കിലും അംഗീകാരം നല്‍കുമോ എന്ന് അറിയിക്കാന്‍ ബോസ്റ്റണിലെ ഒരു ഫെഡറല്‍ ജഡ്ജി ഭരണകൂടത്തോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച വരെയാണ് ഇക്കാര്യം അറിയിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്.

ഈ രണ്ടുവിധിയേയും പരാമര്‍ശിച്ച് സോഷ്യല്‍ മീഡിയ വഴി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരണവുമായി എത്തിയിട്ടുണ്ട്. ”ഞങ്ങള്‍ക്ക് ലഭ്യമായ ചില പണം ഉപയോഗിച്ച് എസ്എന്‍എപിക്ക് പണം നല്‍കാന്‍ ഞങ്ങള്‍ക്ക് നിയമപരമായ അധികാരമുണ്ടെന്ന് ഞങ്ങളുടെ സര്‍ക്കാര്‍ അഭിഭാഷകര്‍ കരുതുന്നില്ല, ഇപ്പോള്‍ ഞങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും, എന്ത് ചെയ്യാന്‍ കഴിയില്ല എന്നതിനെക്കുറിച്ച് രണ്ട് കോടതികള്‍ പരസ്പരവിരുദ്ധമായ അഭിപ്രായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. റാഡിക്കല്‍ ഡെമോക്രാറ്റുകള്‍ ശരിയായ കാര്യം ചെയ്യാനും സര്‍ക്കാര്‍ വീണ്ടും തുറക്കാനും വിസമ്മതിക്കുന്നതിനാല്‍ അമേരിക്കക്കാര്‍ പട്ടിണി കിടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍, എത്രയും വേഗം എസ്എന്‍എപിക്ക് നിയമപരമായി എങ്ങനെ ധനസഹായം നല്‍കാമെന്ന് വ്യക്തമാക്കാന്‍ കോടതിയോട് ആവശ്യപ്പെടാന്‍ ഞാന്‍ ഞങ്ങളുടെ അഭിഭാഷകരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.”ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ”കോടതിയില്‍ നിന്ന് ഉചിതമായ നിയമ നിര്‍ദ്ദേശം ഞങ്ങള്‍ക്ക് ലഭിച്ചാല്‍, സൈനിക, നിയമ നിര്‍വ്വഹണ ശമ്പളത്തില്‍ ഞാന്‍ ചെയ്തതുപോലെ, ധനസഹായം നല്‍കുന്നത് എന്റെ ബഹുമാനമായിരിക്കും,” ട്രംപ് കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച റോഡ് ഐലന്‍ഡിലെ കോടതിയില്‍ നടന്ന ഒരു വാദത്തിനിടെ SNAP ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചത് ‘ഏകപക്ഷീയവും വിചിത്രവുമായ പ്രവൃത്തി’ ആയിരുന്നുവെന്നും, അത് ഭക്ഷ്യ സഹായങ്ങള്‍ ആവശ്യമുള്ള അമേരിക്കക്കാര്‍ക്ക് ഭക്ഷണ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും വാദം ഉയര്‍ന്നിരുന്നു.

US shutdown; Court orders administration to pay SNAP benefits.

More Stories from this section

family-dental
witywide