
വാഷിങ്ടന്‍ : ഒക്ടോബര്‍ 1ന് ആരംഭിച്ച യുഎസ് ഷട്ട്ഡൗണ്‍ 18-ാം ദിവസം പിന്നിടുന്നു. ഇതോടെ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ മൂന്നാമത്തെ ഭരണസ്തംഭനത്തിലേക്കുകൂടിയാണ് യുഎസ് കടന്നിരിക്കുന്നത്. ഒബാമയുടെ രണ്ടാം ഭരണകാലത്ത് 2013 ഒക്ടോബര്‍ 1 മുതല്‍ ഒക്ടോബര്‍ 17 വരെ തുടര്‍ന്ന ഷട്ട്ഡൗണിനെയാണ് ഇക്കുറി ട്രംപ് ഭരണകൂടം മറികടന്നത്. ബജറ്റ് പാസാകാതെ വന്നാല്‍ ദൈനംദിന ചെലവുകള്‍ക്കു പണമില്ലാത്ത അവസ്ഥയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കുന്നതാണ് അടച്ചുപൂട്ടല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
2018 ഡിസംബര്‍ 22 മുതല്‍ 2019 ജനുവരി 25 വരെ 35 ദിവസം നീണ്ടുനിന്ന ആടച്ചുപൂട്ടലാണ് യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയത്. ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭരണകാലത്തു തന്നെയാണ് ഇതും സംഭവിച്ചത് എന്നത് ശ്രദ്ധേയം. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ ഒരു മതിലിനുള്ള ഫണ്ടിംഗിനെച്ചൊല്ലി കോണ്‍ഗ്രസും ട്രംപ് ഭരണകൂടവുമായുള്ള പ്രതിസന്ധി കാരണമാണ് 2018 ഡിസംബര്‍ മുതല്‍ 2019 ജനുവരി വരെ സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ സംഭവിച്ചത്.
ബില്‍ ക്ലിന്റന്റെ പ്രസിഡന്റ് പദത്തിലെ ആദ്യ കാലയളവിലായിരുന്നു യുഎസ് ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ആടച്ചുപൂട്ടല്‍. 1995 ഡിസംബര്‍ 16 മുതല്‍ 1996 ജനുവരി 6 വരെ 21 ദിവസമാണ് യുഎസ് ഫെഡറല്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നിശ്ചലമായത്. നിലവിലെ അടച്ചുപൂട്ടല്‍ 21 ദിവസം പിന്നിട്ടാല്‍ ഈ ചരിത്രവും ട്രംപിന്റെ പേരില്‍ കുറിക്കപ്പെടും.
നിലവില്‍ തുടരുന്ന ഷട്ട്ഡൗണ്‍ ഉള്‍പ്പെടെ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയില്‍, 22 ഫെഡറല്‍ അടച്ചുപൂട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. ജിമ്മി കാര്‍ട്ടര്‍, റൊണാള്‍ഡ് റെയ്ഗന്‍, ജോര്‍ജ് ബുഷ് സീനിയര്‍ എന്നിവരുടെ കാലയളവിലും യുഎസ് ഭരണസ്തംഭനം നേരിട്ടിട്ടുണ്ടെങ്കിലും മണിക്കൂറുകളും ദിവസങ്ങളും മാത്രമായിരുന്നു ആയുസ്.
സമീപ കാലത്ത് ജോര്‍ജ് ഡബ്യു. ബുഷും ജോ ബൈഡനും മാത്രമാണ് അടച്ചുപൂട്ടല്‍ നേരിടാതിരുന്നത്.
അതേസമയം, വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിലും സെനറ്റര്‍മാര്‍ക്ക് പ്രതിസന്ധി പരിഹരിക്കാന്‍ സാധിച്ചില്ല. ഇത് പത്താം തവണയാണ് സെനറ്റില്‍ ബജറ്റ് പരാജയപ്പെടുന്നത്. ഭരണസ്തംഭനത്തെ തുടര്‍ന്ന് സാമൂഹ്യ സുരക്ഷാ ചെലവുകള്‍, ആരോഗ്യ പരിചരണ ചെലവുകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള സഹായങ്ങള്‍ തുടങ്ങിയവയെല്ലാം മുടങ്ങിയിട്ടുണ്ട്.
US shutdown enters 18th day, third largest government shutdown in history.