
വാഷിങ്ടണ്‍: അമേരിക്കയിലെ ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ നാലാം ആഴ്ചയിലേക്ക് പ്രവേശിച്ചു. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച ഷട്ട്ഡൗണ്‍ 22 ദിവസം പിന്നിട്ടതോടെ
ചരിത്രത്തിലെ രണ്ടാമത്തെ ദൈര്‍ഘ്യമേറിയ ഭരണസ്തംഭനമാണ് ഇപ്പോള്‍ തുടരുന്നത്. ധനവിനിയോഗ ബില്‍ പന്ത്രണ്ടാം തവണയും പരാജയപ്പെട്ടതോടെയാണിത്.
അതേസമയം, സെനറ്റില്‍ 22 മണിക്കൂര്‍ മാരത്തണ്‍ പ്രസംഗം നടത്തിയിരിക്കുകയാണ് ഒറിഗോണിലെ ഡെമോക്രാറ്റിക് സെനറ്റര്‍ ജെഫ് മെര്‍ക്ക്ലി. ട്രംപ് നയങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച പ്രസംഗത്തില്‍ മെര്‍ക്ക്ലി 22 മണിക്കൂറും 37 മിനിറ്റും ചേംബറിനെ അഭിസംബോധന ചെയ്തു.
”ആഭ്യന്തരയുദ്ധത്തിനുശേഷം നമ്മുടെ റിപ്പബ്ലിക്കിന് ഏറ്റവും വലിയ ഭീഷണിയായ ഏറ്റവും അപകടകരമായ നിമിഷത്തിലാണ് നമ്മള്‍, പ്രസിഡന്റ് ട്രംപ് നമ്മുടെ ഭരണഘടന കീറിമുറിക്കുകയാണ്. ഇതിനെതിരായ ശ്രമത്തില്‍ നിങ്ങളോടൊപ്പമുള്ള സഹപ്രവര്‍ത്തകരാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്”- മെര്‍ക്ക്‌ലി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
മെര്‍ക്ക്‌ലിയുടെ പ്രസംഗത്തിനു പിന്നാലെയാണ് സെനറ്റ് ധനവിനിയോഗ ബില്‍ തള്ളിയത്. 54-46 വോട്ടിലായിരുന്നു ബില്‍ തള്ളിയത്. ബില്ലിന് മുന്നോട്ടുപോകാന്‍ 60 വോട്ടുകളാവശ്യമായിരുന്നു.
ഷട്ട്ഡൗണിനിടെ ശമ്പളമില്ലാതെ ജോലി ചെയ്യുന്നവരും ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചവരും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ മൂന്നാഴ്ചയായി അത്യാവശ്യ വിഭാഗങ്ങളൊഴിച്ചുള്ള ഫെഡറല്‍ ഏജന്‍സികള്‍ പ്രവര്‍ത്തനരഹിതമാണ്.
വിമാന സര്‍വീസുകള്‍ വൈകുന്നതും ഭക്ഷ്യസഹായ പദ്ധതിയായ സപ്ലിമെന്റല്‍ ന്യൂട്ടീഷ്യന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം (SNAP) നിര്‍ത്തിവെച്ചേക്കുമെന്ന ആശങ്കയും സാഹചര്യം ദുസ്സഹമാകുമെന്ന് വ്യക്തമാക്കുന്നു.
US shutdown enters fourth week.














