യുഎസ് ഷട്ട്ഡൗണ്‍ രണ്ടാഴ്ച പിന്നിടുന്നു; ഉടൻ ചില ‘ഡെമോക്രാറ്റിക് പ്രോഗ്രാമുകള്‍’ ഇല്ലാതാക്കപ്പെടും, അവ ഒരിക്കലും തിരിച്ചുവരില്ലെന്ന് ട്രംപ്‌

അമേരിക്കയില്‍ തുടരുന്ന ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ രണ്ടാഴ്ച പിന്നിടുന്നു. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച ഷട്ട്ഡൗണ്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും രാഷ്ട്രീയമായി ഏറെ ചര്‍ച്ചയാകുന്നതുമായ ഒന്നായി മാറുകയാണ്. അതിനിടെ അടച്ചുപൂട്ടല്‍ സമയത്ത് വെട്ടിക്കുറയ്ക്കുന്ന ചില ‘ഡെമോക്രാറ്റിക് പ്രോഗ്രാമുകള്‍’ ഇനിയൊരിക്കലും ഒരിക്കലും തിരിച്ചുവരില്ലെന്ന ഭീഷണിയും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുഴക്കി. ട്രംപ് രാഷ്ട്രീയ നേട്ടത്തിനായി ഈ സ്തംഭനാവസ്ഥയെ മുതലെടുക്കുകയാണെന്നും ഡെമോക്രാറ്റുകളെ വേദനിപ്പിക്കുകയും താന്‍ കൊണ്ടുവന്ന സാമ്പത്തിക പ്രതിസന്ധിയുടെ ചെലവുകളില്‍ നിന്ന് തന്റെ ഭരണകൂടത്തെ സംരക്ഷിക്കുകയും ചെയ്യുകയാണ് ട്രംപിന്റെ ലക്ഷ്യമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

സര്‍ക്കാര്‍ എങ്ങനെ വീണ്ടും തുറക്കാമെന്നതിനെക്കുറിച്ച് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും കടുത്ത ഭിന്നതയിലാണ്. എന്നാല്‍ മുന്‍ പ്രസിഡന്റുമാരില്‍ നിന്ന് വ്യത്യസ്തമായി, ട്രംപ് ഒരു സന്ധിയില്‍ ഏര്‍പ്പെടാന്‍ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം തന്റെ രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരെ പ്രതികാര നടപടികളിലേക്ക് നീങ്ങുകയുമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു

സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ തുടരുകയാണെങ്കില്‍ വെട്ടിക്കുറയ്ക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ‘ഡെമോക്രാറ്റിക് പ്രോഗ്രാമുകളുടെ’ ഒരു പട്ടിക വെള്ളിയാഴ്ച പുറത്തിറക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. അത്തരത്തില്‍ വെട്ടിക്കുറയ്ക്കുന്ന ചിലത് ‘ഇനി ഒരിക്കലും തുറക്കാന്‍ പോകുന്നില്ല’ എന്നും ട്രംപ് പറയുന്നു.

ചൊവ്വാഴ്ച വൈകുന്നേരം നടന്ന സെനറ്റിൽ, ഗവൺമെന്റിന് ധനസഹായം നൽകുന്ന, ജിഒപി പിന്തുണയുള്ള പ്രമേയം പാസാക്കുന്നതിൽ എട്ടാം തവണയും പരാജയപ്പെട്ടു.

നിരവധി ഫെഡറൽ തൊഴിലാളികൾ താമസിക്കുന്ന മേരിലാൻഡിനെയും വിർജീനിയയെയും പ്രതിനിധീകരിക്കുന്ന കോൺഗ്രസ് ഡെമോക്രാറ്റുകൾ ചൊവ്വാഴ്ച രാവിലെ നടന്ന സെനറ്റിൽ റിപ്പബ്ലിക്കൻമാരെ വിമർശിക്കുകയും ഫെഡറൽ തൊഴിലാളികളെ പിന്തുണയ്ക്കുകയും ചെയ്തു. “ഞങ്ങളുടെ ഫെഡറൽ ജീവനക്കാർക്ക് സംഭവിച്ചതിനെതിരെ ഞങ്ങൾ തുടർന്നും ശബ്ദിക്കും,” മേരിലാൻഡ് ഡെമോക്രാറ്റായ സെനറ്റർ ആഞ്ചല അൽസ്ബ്രൂക്സ് പറഞ്ഞു. “അവരെ ഞങ്ങൾ അഭിനന്ദിക്കുന്നു, ഞങ്ങളുടെ രാജ്യത്തിനായുള്ള നിങ്ങളുടെ സേവനത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു, ഞങ്ങൾക്ക് ഇപ്പോഴും നിങ്ങളെ ആവശ്യമുണ്ട്, നിങ്ങൾ ഞങ്ങളുടെ രാജ്യത്തിന് വാഗ്ദാനം ചെയ്യുന്നത് ഞങ്ങൾക്ക് ഇപ്പോഴും ആവശ്യമാണ്, നിങ്ങൾക്ക് അത് വാഗ്ദാനം ചെയ്യാൻ കഴിയുന്നതുവരെ ഞങ്ങൾ തുടർന്നും പ്രവർത്തിക്കും എന്ന് അവർ അറിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.”- അവർ കൂട്ടിച്ചേർത്തു.

ട്രംപും ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബജറ്റ് ഡയറക്ടർ റസ് വോട്ടും ഫെഡറൽ ജീവനക്കാരെ “മനപൂർവ്വം” ആക്രമിക്കുകയാണെന്ന് മേരിലാൻഡിലെ ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് വാൻ ഹോളൻ ആരോപിച്ചു.

ഇതിനിടെയാണ് ഉടൻ ചില ‘ഡെമോക്രാറ്റിക് പ്രോഗ്രാമുകള്‍’ ഇല്ലാതാക്കപ്പെടുമെന്നും, അവ ഒരിക്കലും തിരിച്ചുവരില്ലെന്നുമുള്ള ട്രംപിൻ്റെ ഭീഷണി വന്നത്. ആയിരക്കണക്കിന് ഫെഡറല്‍ തൊഴിലാളികളെ പിരിച്ചുവിടാനും കോടിക്കണക്കിന് ഡോളറിന്റെ ഫെഡറല്‍ സഹായം റദ്ദാക്കാനും ഭരണകൂടം നീക്കം നടത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പുതിയ ഭീഷണി വന്നത്. ഓരോ നീക്കവും ഡെമോക്രാറ്റുകളെ സമ്മര്‍ദ്ദത്തിലാക്കുന്നതാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ത്തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.

ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനവില്‍നിന്ന് ലക്ഷക്കണക്കിന് അമേരിക്കക്കാരെ സംരക്ഷിക്കുന്നതിനായി ഒബാമകെയര്‍ സബ്സിഡികള്‍ തുടരണമെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുമ്പോള്‍, സര്‍ക്കാര്‍ വീണ്ടും തുറക്കുന്നതുവരെ ഈ ചര്‍ച്ചകള്‍ മാറ്റിവെക്കണമെന്ന് റിപ്പബ്ലിക്കന്‍മാരും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്പീക്കര്‍ മൈക്ക് ജോണ്‍സണും വാദിക്കുന്നു. നിലവിലെ ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ കാരണം ഫെഡറല്‍ ഗവണ്‍മെന്റില്‍ വ്യാപകമായ നടപടികള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച, ട്രംപ് ഭരണകൂടം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എജ്യൂക്കേഷന്‍, ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസ്, സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവിടങ്ങളില്‍ കൂട്ടപ്പിരിച്ചുവിടലുകള്‍ നടത്തി. ഇത് സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ രംഗത്തും ദുര്‍ബലരായ വിഭാഗങ്ങള്‍ക്കും വലിയ തിരിച്ചടിയായി.

US shutdown enters two weeks. Trump says some Democratic programs will soon be eliminated and will never come back

More Stories from this section

family-dental
witywide