
വാഷിങ്ടന്‍ : സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ കാരണം യുഎസില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നതിനാല്‍ യാത്രക്കാരില്‍ ആശങ്ക പടരുന്നു. ജീവനക്കാരുടെ എണ്ണത്തിലുണ്ടായ കുറവ് കാരണം പല വിമാനത്താവളങ്ങളും പ്രതിസന്ധി നേരിടുന്നുണ്ട്.
രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലെ ഗതാഗതം കുറയ്ക്കാനുള്ള ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ് പ്രകാരം വ്യാഴാഴ്ച മുതല്‍ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ന്യൂയോര്‍ക്ക്, ലൊസാഞ്ചലസ്, ഷിക്കാഗോ എന്നിവയുള്‍പ്പെടെ യുഎസിലുടനീളമുള്ള ഏറ്റവും തിരക്കേറിയ 40 വിമാനത്താവളങ്ങളിലെ വിമാനങ്ങള്‍ വെട്ടിക്കുറയ്ക്കാനാണ് ഉത്തരവ്. ഇന്ന് സര്‍വീസ് നടത്തേണ്ട അഞ്ഞൂറോളം വിമാനങ്ങളെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. യുഎസ് സമയം വ്യാഴാഴ്ച ഉച്ചയോടെ റദ്ദാക്കലുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതായി വിമാന തടസങ്ങള്‍ നിരീക്ഷിക്കുന്ന വെബ്സൈറ്റായ ഫ്‌ലൈറ്റ്അവെയര്‍ റിപ്പോര്‍ട്ട് ചെയ്തു.
വാരാന്ത്യത്തിലേക്കും തുടര്‍ന്നുമുള്ള യാത്രകള്‍ക്കും പദ്ധതികളുള്ള യാത്രക്കാര്‍ തങ്ങളുടെ വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തതുപോലെ പുറപ്പെടുമോ എന്ന് അറിയാതെ ആശങ്കയിലാണ്. അതുകൊണ്ടുതന്നെ യാത്രക്കാര്‍ മുന്‍കൂട്ടി യാത്രാ പദ്ധതികള്‍ മാറ്റുകയോ റദ്ദാക്കുകയോ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.
യുഎസ് ഗവണ്‍മെന്റ് അടച്ചുപൂട്ടല്‍ കാരണം ശമ്പളമില്ലാതെ പതിനായിരക്കണക്കിന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍, വിമാനത്താവള സുരക്ഷാ ജീവനക്കാര്‍ എന്നിവരടക്കമുള്ളവര്‍ ജോലി ചെയ്യേണ്ട സ്ഥിതിയായി. ഇതോടെ ജീവനക്കാരുടെ എണ്ണത്തിലും കുറവുവരികയും പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തു.















