യുഎസ് ഷട്ട്ഡൗണ്‍ : രാജ്യവ്യാപകമായി വിമാന യാത്രയെ സാരമായി ബാധിക്കുന്നു; ഞായറാഴ്ച മാത്രം 2,200-ലധികം വിമാനങ്ങള്‍ റദ്ദാക്കി

വാഷിംഗ്ടണ്‍: അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ രാജ്യവ്യാപകമായി വിമാന യാത്രയെ സാരമായി ബാധിക്കുന്നു. 40 പ്രധാന യു.എസ് വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പരിമിതപ്പെടുത്തിയതിനാല്‍ ശനിയാഴ്ച ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകിയോ ചെയ്തിരുന്നു. ഇതിന്റെ ഫലമായി വൈകിയ പല വിമാനങ്ങളും ഞായറാഴ്ചയാണ് പുറപ്പെട്ടത്.

യുഎസ് ഷട്ട്ഡൗണ്‍ കാരണം എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ടവറുകളിലും കേന്ദ്രങ്ങളിലും ജീവനക്കാരുടെ കുറവുണ്ട്. ഇതിനാല്‍ ഞായറാഴ്ച വൈകുന്നേരം 4:30 വരെ, രാജ്യത്തുടനീളം 2,200-ലധികം വിമാനങ്ങള്‍ റദ്ദാക്കിയതായി ഫ്‌ലൈറ്റ്അവെയര്‍ വെബ്സൈറ്റ് പറയുന്നു. ഏകദേശം 7,500 വിമാനങ്ങളും വൈകി.

ശനിയാഴ്ച രാജ്യവ്യാപകമായി 1,521 വിമാനങ്ങള്‍ റദ്ദാക്കുകയും 6,400-ലധികം വിമാനങ്ങള്‍ വൈകിയതായും റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ചത്തെ കണക്കുകള്‍ വെള്ളിയാഴ്ചയിലെ കണക്കുകളെമറികടക്കുന്നതായിരുന്നു. വെള്ളിയാഴ്ച 1,024 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. വെള്ളിയാഴ്ചമുതല്‍ ഞായറാഴ്ചവരെ 3,700-ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്.

അതേസമയം, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് എഫ്എഎ. കാരണം ഇത് രാജ്യങ്ങളുമായുള്ള അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാകുമെന്ന് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി വെള്ളിയാഴ്ച എബിസി ന്യൂസ് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

US shutdown: More than 2,200 flights canceled on Sunday alone

More Stories from this section

family-dental
witywide