
വാഷിംഗ്ടണ്‍: യുഎസില്‍ ഷട്ട് ഡൗണ്‍ 28 ദിവസങ്ങള്‍ പിന്നിട്ട് ഒരുമാസത്തോട് അടുക്കുന്നു. ഇതിനിടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടിയായി കോടതി വിധി. ഭരണ സ്തംഭന സമയത്ത് ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതില്‍ നിന്ന് ട്രംപ് ഭരണകൂടത്തെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതി വിലക്കി.
അനിശ്ചിതകാലത്തേക്കാണ് വിധി. പിരിച്ചുവിടലിനെ ചോദ്യം ചെയ്ത് ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി വന്നിരിക്കുന്നത്. നേരത്തേ ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച താത്കാലിക ഉത്തരവാണ് കോടതി നീട്ടിയത്.
4,100 ജീവനക്കാര്‍ക്കാണ് ട്രംപ് ഭരണകൂടം പിരിച്ചുവിടലിന് നോട്ടിസ് അയച്ചിരിക്കുന്നത്. അടച്ചുപൂട്ടലിന് പിന്നാലെ നല്‍കിയ പിരിച്ചുവിടല്‍ നോട്ടീസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. അതേസമയം, പിരിച്ചുവിടപ്പെടുന്ന ഉദ്യോഗസ്ഥരുടെ ഹര്‍ജികള്‍ കേള്‍ക്കാന്‍ ജില്ലാ കോടതിക്ക് അധികാരമില്ലെന്നാണ് സര്‍ക്കാര്‍ അഭിഭാഷകരുടെ വാദം.
യുഎസില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ടിനുള്ള ബില്‍ തുടര്‍ച്ചയായി പാസാകാതെ വന്നതോടെയാണ് ഷട്ട്ഡൗണ്‍ നീളുന്നത്.
US shutdown nears one month, court bars Trump administration from firing federal employees.














