
ന്യൂഡൽഹി: യുക്രെയ്നിലെ സംഘർഷം ലഘൂകരിക്കാനും, യുദ്ധം അവസാനിപ്പിക്കാനും, സമാധാനപരമായി പരിഹരിക്കാനും ആവശ്യപ്പെട്ടുള്ള യുഎൻ ജനറൽ അസംബ്ലിയുടെ കരട് പ്രമേയത്തിൽ തിങ്കളാഴ്ച അമേരിക്ക റഷ്യയെ പിന്തുണച്ചു. മുൻകാലങ്ങളിൽ യുക്രെയ്നെ അനുകൂലിക്കുകയും മോസ്കോയെ അപലപിക്കുകയും ചെയ്ത പ്രമേയങ്ങൾക്ക് വോട്ട് ചെയ്തിട്ടുള്ള വാഷിംഗ്ടൺ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ യുക്രേനിയൻ എതിരാളി സെലെൻസ്‌കിയും തമ്മിലുള്ള വാഗ്വാദങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ നിലപാട് മാറ്റി.
അമേരിക്ക ഇത്രനാളും വച്ചുപുലർത്തിയിരുന്ന റഷ്യയോടുള്ള ശത്രുത മറന്നിരിക്കുകയാണ് ട്രംപ്. യുഎസിനെ സംബന്ധിച്ച് വലിയ നയം മാറ്റമാണ് ഇത്.
193 അംഗ യുഎൻ ജനറൽ അസംബ്ലിയിൽ യുക്രെയ്‌നും യൂറോപ്യൻ സഖ്യകക്ഷികളും അവതരിപ്പിച്ച കരട് പ്രമേയത്തിൽ 93 വോട്ടുകൾ അനുകൂലമായി രേഖപ്പെടുത്തി. 65 പേർ വിട്ടുനിൽക്കുകയും 18 പേർ എതിർക്കുകയും ചെയ്തു.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ മൂന്നാം വാർഷികത്തിൽ വന്ന പ്രമേയത്തിൽ കൈവിനെ പിന്തുണച്ചവരിൽ റഷ്യൻ സഖ്യകക്ഷികളായ ബെലാറസ്, ഉത്തരകൊറിയ, സുഡാൻ എന്നിവ ഉൾപ്പെടുന്നു.
സംവാദത്തിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷം സമാധാനപരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
US Sides With Russia Vote At UN