അമേരിക്കയെ ഒറ്റിക്കൊടുത്തതിന് സൈനികൻ അറസ്റ്റിൽ; എം1എ2 യുദ്ധടാങ്കിന്‍റെ രഹസ്യ വിവരങ്ങൾ റഷ്യൻ സർക്കാരിന് കൈമാറാൻ ശ്രമിച്ചു, ഗുരുതര കണ്ടെത്തൽ

വാഷിംഗ്ടൺ: യുഎസ് യുദ്ധടാങ്കുകളെക്കുറിച്ചുള്ള അതീവ രഹസ്യ വിവരങ്ങൾ റഷ്യൻ സർക്കാരിന് കൈമാറാൻ ശ്രമിച്ചുവെന്ന കുറ്റത്തിന് ഒരു യുഎസ് സൈനികൻ അറസ്റ്റിൽ. യുഎസ് നീതിന്യായ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ടെക്സസിലെ ഫോർട്ട് ബ്ലിസ്സിൽ സേവനമനുഷ്ഠിക്കുന്ന 22കാരനായ ടെയ്‌ലർ ആദം ലീയാണ് അറസ്റ്റിലായത്. ദേശീയ പ്രതിരോധ വിവരങ്ങളും കയറ്റുമതി നിയന്ത്രിത സാങ്കേതിക വിവരങ്ങളും ലൈസൻസില്ലാതെ കൈമാറാൻ ശ്രമിച്ചു എന്ന കുറ്റങ്ങളാണ് ലീക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് അയാൾക്ക് പരമാവധി 20 വർഷം തടവുശിക്ഷ ലഭിച്ചേക്കാം.

“രാജ്യത്തെ ഒറ്റിക്കൊടുക്കാൻ ചിന്തിക്കുന്ന ആർക്കും, പ്രത്യേകിച്ച് രാജ്യത്തെ സംരക്ഷിക്കാൻ പ്രതിജ്ഞയെടുത്ത സൈനികർക്ക്, ഇന്നത്തെ അറസ്റ്റ് ഒരു സന്ദേശമാണ്. അമേരിക്കക്കാരെ സംരക്ഷിക്കാനും അതീവ രഹസ്യ വിവരങ്ങൾ കാത്തുസൂക്ഷിക്കാനും എഫ്ബിഐയും ഞങ്ങളുടെ പങ്കാളികളും കഴിവിൻ്റെ പരമാവധി ശ്രമിക്കും” – എഫ്ബിഐയുടെ കൗണ്ടർ ഇൻ്റലിജൻസ് വിഭാഗം അസിസ്റ്റൻ്റ് ഡയറക്ടർ റോമൻ റോസാവ്സ്കി പ്രസ്താവനയിൽ പറഞ്ഞു.

ടെക്സസിലെ വെസ്റ്റേൺ ഡിസ്ട്രിക്റ്റ് യുഎസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ, ഏറ്റവും ഉയർന്ന സുരക്ഷാ അനുമതികളുള്ള ലീ, പ്രധാന യുഎസ് യുദ്ധടാങ്കായ എം1എ2 അബ്രാംസിൻ്റെ പ്രവർത്തനത്തെയും അതിൻ്റെ പോരായ്മകളെയും കുറിച്ചുള്ള വിവരങ്ങൾ റഷ്യൻ പൗരത്വം നേടുന്നതിനായി റഷ്യൻ സർക്കാരിന് കൈമാറാൻ ശ്രമിച്ചതായി ആരോപിക്കുന്നു. ലീയുടെ അഭിഭാഷകനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

More Stories from this section

family-dental
witywide