
വാഷിംഗ്ടണ്‍: യു.എസില്‍ 6,000-ത്തിലധികം വിദ്യാര്‍ത്ഥി വിസകള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടം റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. വിസാ കാലാവധി കഴിഞ്ഞ് യുഎസില്‍ താമസിച്ചവരും വിസാ നിയമങ്ങള്‍ പാലിക്കാത്തവരും അടക്കമാണ് നടപടി നേരിടുന്നത്. ഇതില്‍ കുറച്ചുപേര്‍ ഭീകരതയെ പിന്തുണയ്ക്കുന്നവരാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ പറയുന്നു.
സന്ദര്‍ശകര്‍ നിയമം ലംഘിച്ചതിനാല്‍ ഏകദേശം 4,000 വിസകളാണ് റദ്ദാക്കിയത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തില്‍ വാഹനമോടിക്കലും മോഷണവും മറ്റ് കുറ്റകൃത്യങ്ങളില്‍പ്പെട്ടവരുമാണ് ബാക്കിയുള്ളവയിൽ ഉള്‍പ്പെട്ടിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. തീവ്രവാദവുമായി ബന്ധമുണ്ടെന്ന് കാട്ടി ഏകദേശം 200 മുതല്‍ 300 വരെ വിസകള്‍ വരെ റദ്ദാക്കിയതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വിദേശകാര്യ നിയമം ഉദ്ധരിച്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ‘ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക’, ‘ഭീകര സംഘടനകളുമായി ചില ബന്ധങ്ങള്‍ ഉണ്ടായിരിക്കുക’ എന്നിവയാണ് യോഗ്യതയില്ലായ്മയുടെ അടിസ്ഥാനമായി നിയമത്തിലുള്ളത്.
ട്രംപ് ഭരണകൂടം കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥി വിസകളോട് കടുത്ത സമീപനമാണ് സ്വീകരിക്കുന്നത്. അടുത്തിടെയായി സോഷ്യല്‍ മീഡിയ പരിശോധന കര്‍ശനമാക്കുകയും സ്‌ക്രീനിംഗ് വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, വിസ റദ്ദാക്കിയ വിദ്യാര്‍ത്ഥികള്‍ ഏതൊക്കെ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നുവെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടില്ല. ഗാസ യുദ്ധത്തിനിടയില്‍ പലസ്തീന്‍ അവകാശങ്ങള്‍ക്കായി വാദിക്കുന്ന വന്‍ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെത്തുടര്‍ന്ന്, പ്രസിഡന്റ് ട്രംപ് നിരവധി ഉന്നതതല യുഎസ് സര്‍വകലാശാലകളുമായി ഏറ്റുമുട്ടിയിട്ടുണ്ട്. അവ യഹൂദവിരുദ്ധതയുടെ കോട്ടകളായി മാറുന്നുവെന്ന് ആരോപിച്ചായിരുന്നു ട്രംപിന്റെ നീക്കം. ഹാര്‍വാഡുമായുള്ള നിയമ യുദ്ധത്തില്‍, ട്രംപ് ധനസഹായം മരവിപ്പിക്കുകയും സര്‍വകലാശാലയുടെ നികുതി-ഇളവ് പദവി നീക്കം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
യുഎസ് വിദേശനയ മുന്‍ഗണനകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കിയതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നേരത്തെ പറഞ്ഞിരുന്നു.
പലസ്തീനികളെ പിന്തുണയ്ക്കുകയും ഗാസയിലെ യുദ്ധത്തില്‍ ഇസ്രായേലിന്റെ പെരുമാറ്റത്തെ വിമര്‍ശിക്കുകയും ചെയ്യുന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥി വിസയും ഗ്രീന്‍ കാര്‍ഡ് ഉടമകളെയും നാടുകടത്തലിന് വിധേയരാക്കുമെന്ന് ട്രംപ് ഭരണകൂട ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ യുഎസ് വിദേശനയത്തിന് ഭീഷണിയാണെന്നും അവര്‍ ഹമാസിനെ അനുകൂലിക്കുന്നവരാണെന്നുമാണ് ഭരണകൂടത്തിന്റെ ആരോപണം.