
വാഷിംഗ്ടൺ: വാഷിംഗ്ടണിൽ അപൂർവ ഇനം പക്ഷിപ്പനി ബാധിച്ച് ഒരു വ്യക്തി മരിച്ചതായി റിപ്പോർട്ട്. ഈ രോഗം ബാധിച്ച് മരിക്കുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം. വാഷിംഗ്ടൺ സ്റ്റേറ്റ് ആരോഗ്യവകുപ്പ് വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ, പൊതുജനങ്ങൾക്ക് ഈ രോഗം പടരാനുള്ള സാധ്യത കുറവാണെന്ന് അറിയിച്ചു. ഗ്രേയ്സ് ഹാർബർ കൗണ്ടിയിൽ നിന്നുള്ള, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ള പ്രായമായ ഒരാളാണ് മരിച്ചത്. H5N5 എന്ന പക്ഷിപ്പനി ബാധിച്ചാണ് ഇദ്ദേഹം ചികിത്സയിലായിരുന്നത്. മനുഷ്യരിൽ ഈ രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.
സിയാറ്റലിൽ നിന്ന് 78 മൈൽ (125 കിലോമീറ്റർ) തെക്ക്-പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഗ്രേയ്സ് ഹാർബർ കൗണ്ടിയിലെ ഈ വ്യക്തിക്ക് വീട്ടിൽ വളർത്തുന്ന കോഴികളും മറ്റ് പക്ഷികളും ഉണ്ടായിരുന്നു. ഇവയ്ക്ക് കാട്ടുപക്ഷികളുമായി സമ്പർക്കമുണ്ടായിരുന്നതായി ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വളർത്തുപക്ഷികളോ കാട്ടുപക്ഷികളോ ആകാം രോഗ ഉറവിടം. “പൊതുജനങ്ങൾക്ക് രോഗം വരാനുള്ള സാധ്യത കുറവായി തുടരുന്നു,” സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥരുടെ പ്രസ്താവനയിൽ പറയുന്നു.
“മറ്റൊരു വ്യക്തിക്കും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല എന്നും ഈ വൈറസ് ആളുകൾ തമ്മിൽ പടരുന്നു എന്നതിന് തെളിവുകളില്ല എന്നും അധികൃതർ വ്യക്തമാക്കി. രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയ എല്ലാവരെയും ആരോഗ്യവകുപ്പ് നിരീക്ഷിക്കുമെന്നും അറിയിച്ചു. സെൻ്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നേരത്തെ പുറത്തിറക്കിയ പ്രസ്താവനയിലും ഈ കേസ് കാരണം പൊതുജനാരോഗ്യത്തിനുള്ള അപകടസാധ്യത വർദ്ധിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.














