യുഎസ് ഇമിഗ്രേഷൻ നിയമങ്ങളിൽ കർശനമായ മാറ്റം: പഴയ ഫോട്ടോകൾ നിരസിക്കും, തിരിച്ചറിയൽ തട്ടിപ്പ് തടയാൻ യുഎസ്‍സിഐഎസ് നടപടി

വാഷിംഗ്ടൺ: തിരിച്ചറിയൽ തട്ടിപ്പുകളും ദുരുപയോഗങ്ങളും തടയുന്നതിന് ഇമിഗ്രേഷൻ രേഖകൾക്ക് ഉപയോഗിക്കുന്ന ഫോട്ടോകളെക്കുറിച്ചുള്ള നിയമങ്ങൾ കർശനമാക്കി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‍സിഐഎസ്). പുതിയ നയം പ്രകാരം, മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഫോട്ടോകൾ ഇനി പുനരുപയോഗിക്കാൻ അനുവദിക്കില്ല. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ബയോമെട്രിക് സർവീസസ് അപ്പോയിൻ്റ്മെൻ്റിൽ (ബിഎസ്എ) എടുത്ത ഫോട്ടോയ്ക്ക് 36 മാസത്തിൽ കൂടുതൽ പഴക്കമുണ്ടെങ്കിൽ അത് നിരസിക്കപ്പെടും.

കൂടാതെ, അപേക്ഷകർ സ്വയം സമർപ്പിക്കുന്ന ഫോട്ടോകളും ഇനി സ്വീകരിക്കില്ല. യുഎസ്‍സിഐഎസോ അംഗീകൃത ഏജൻസികളോ എടുക്കുന്ന ചിത്രങ്ങൾ മാത്രമേ രേഖകൾക്കായി ഉപയോഗിക്കൂ. യുഎസ് ഇമിഗ്രേഷൻ സംവിധാനത്തിൻ്റെ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പരിഷ്കാരം. നേരത്തെ, ചില അപേക്ഷകൾക്ക് പത്ത് വർഷം വരെ പഴക്കമുള്ള ഫോട്ടോകൾ പുനരുപയോഗിക്കാൻ അനുമതി ഉണ്ടായിരുന്നു. ഇപ്പോൾ ഈ പരിധി മൂന്ന് വർഷമായി ചുരുക്കി.

കോവിഡ്-19 മഹാമാരി കാലത്താണ് പഴയ ഫോട്ടോകൾ പുനരുപയോഗിക്കാനുള്ള ഇളവ് ആദ്യം നൽകിയത്. ഇതിൻ്റെ ഫലമായി ചില കേസുകളിൽ 22 വർഷം പഴക്കമുള്ള ചിത്രങ്ങൾ വരെ ഉപയോഗിച്ച സാഹചര്യങ്ങൾ ഉണ്ടായി. മഹാമാരി നിയന്ത്രണങ്ങൾ അയഞ്ഞ ശേഷം പരിധി 10 വർഷമായി നിശ്ചയിച്ചെങ്കിലും, ഇത് പോലും അപര്യാപ്തമാണെന്ന് ഏജൻസി കണ്ടെത്തി.
പുതിയ നയം ഉടൻ തന്നെ പ്രാബല്യത്തിൽ വരും. നാച്ചുറലൈസേഷൻ (ഫോം എൻ-400), സിറ്റിസൺഷിപ്പ് സർട്ടിഫിക്കറ്റ് (എൻ-600), ഗ്രീൻ കാർഡ് മാറ്റൽ (ഐ-90), സ്റ്റാറ്റസ് അഡ്ജസ്റ്റ്മെൻ്റ് (ഐ-485) തുടങ്ങിയ ചില ഫോമുകൾക്ക് എപ്പോഴും പുതിയ ബയോമെട്രിക്സും ഫോട്ടോയും ആവശ്യമാണ്.

Also Read

More Stories from this section

family-dental
witywide