
സോൾ: ലോകത്തിലെ ഏറ്റവും ശക്തമായ നാവിക ശക്തികളുടെ ഗണത്തിലേക്ക് ദക്ഷിണ കൊറിയയും എത്തിച്ചേരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അംഗീകാരത്തോടെ ആണവ പ്രൊപ്പൽഷൻ അന്തർവാഹിനികൾ നിർമിക്കാനുള്ള പ്രധാന നടപടിയിലാണ് രാജ്യം. ഇത് നടപ്പാക്കിയാൽ അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ, ഇന്ത്യ എന്നിവയ്ക്കൊപ്പം ‘ആണവ അന്തർവാഹിനി എലൈറ്റ്’ ക്ലബിലെ ഏഴാമത്തെ അംഗമാകും ദക്ഷിണ കൊറിയ.
നിലവിൽ ദക്ഷിണ കൊറിയ ഉപയോഗിക്കുന്നത് ഡീസൽ എഞ്ചിൻ അന്തർവാഹിനികളാണ്. ഇവയ്ക്ക് വെള്ളത്തിനടിയിൽ ദീർഘനേരം തങ്ങിനിൽക്കാൻ കഴിയാത്ത പോരായ്മയുണ്ട്. എന്നാൽ ആണവ പ്രൊപ്പൽഷൻ അന്തർവാഹിനികൾക്ക് മാസങ്ങളോളം ജലാതലത്തിനടിയിൽ തുടർന്ന് ശത്രുക്കളുടെ ചലനങ്ങൾ നിരീക്ഷിക്കാനാവും. കൊറിയൻ ഉപദ്വീപിന് ചുറ്റുമുള്ള ചൈനയുടെയും വടക്കൻ കൊറിയയുടെയും നീക്കങ്ങളെ കൂടുതൽ ഫലപ്രദമായി തടയിടാൻ ഇത് ദക്ഷിണ കൊറിയയെ പ്രാപ്തമാക്കും.
ഈ നടപടി അമേരിക്കയ്ക്കും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. പസിഫിക് മേഖലയിൽ ദക്ഷിണ കൊറിയയുടെ ശേഷി വർധിക്കുന്നതോടെ അമേരിക്കൻ നാവികസേനയുടെ ഭാരം കുറയും. അതിനാൽ തായ്‌വാൻ ചാലും തെക്കൻ ചൈനാക്കടലും പോലുള്ള പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അമേരിക്കയ്ക്ക് കഴിയും. മാത്രമല്ല, ഈ അന്തർവാഹിനികളുടെ നിർമാണം അമേരിക്കയിലും ദക്ഷിണ കൊറിയയിലുമായി ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഉണ്ടാക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.















