
വാഷിംഗ്ടൺ: വിദേശികൾക്ക് അമേരിക്കയിൽ സ്ഥിരതാമസത്തിന് വഴിയൊരുക്കുന്ന ‘ഗ്രീൻ കാർഡ് ലോട്ടറി’ അഥവാ ഡൈവേഴ്സിറ്റി വിസ ലോട്ടറി പ്രോഗ്രാം പ്രസിഡന്റ് ഡോണൾഡ് ട്രംപ് താൽക്കാലികമായി റദ്ദാക്കി. ബ്രൗൺ യൂണിവേഴ്സിറ്റിയിലും മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും (എംഐടി) നടന്ന മാരകമായ വെടിവയ്പ്പുകളെ തുടർന്ന്, മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ട്രംപിൻ്റെ നിർണായക നീക്കം. ഈ മാരകമായ വെടിവയ്പ്പിനു പിന്നിൽ പ്രവർത്തിച്ച പോർച്ചുഗൽ പൗരനായ ക്ലോഡിയോ നെവസ് വാലന്റേ ഡൈവേഴ്സിറ്റി വിസ പദ്ധതി പ്രകാരം യുഎസിൽ പ്രവേശിച്ച വ്യക്തിയായിരുന്നു. ഇത് കണ്ടെത്തിയതോടെ വൈറ്റ് ഹൗസിന്റെ ദ്രുത ഇടപെടലുണ്ടാകുകയും ഡൈവേഴ്സിറ്റി വിസ ലോട്ടറി പ്രോഗ്രാം താത്ക്കാലികമായി റദ്ദാക്കുകയുമായിരുന്നു.
പ്രോഗ്രാം ഉടൻ നിർത്തിവയ്ക്കാൻ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിനോട് (യുഎസ്സിഐഎസ്) നിർദ്ദേശിച്ചതായി ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു.
ഇന്ത്യക്കാരെ എന്തുകൊണ്ട് ബാധിക്കില്ല?
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 50,000ത്തിലധികം ആളുകൾ ഒരു രാജ്യത്തുനിന്ന് അമേരിക്കയിലേക്ക് കുടിയേറിയിട്ടുണ്ടെങ്കിൽ ആ രാജ്യത്തെ പദ്ധതിയിലേക്ക് പരിഗണിക്കില്ല. ഇതിൻപ്രകാരം ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം നേരത്തെ തന്നെ കവിഞ്ഞതിനാൽ ഇപ്രാവശ്യത്തെ ലോട്ടറിയിൽ ഇടമില്ല. ഇതുകൊണ്ടാണ് ഇക്കുറി ട്രംപിൻ്റെ തീരുമാനം ഇന്ത്യയെ ബാധിക്കാത്തത്.
കമ്പ്യൂട്ടർ അധിഷ്ഠിത നറുക്കെടുപ്പിലൂടെയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. ഒരുവർഷം ഒരു രാജ്യത്തിന് പരമാവധി ഏഴ് ശതമാനം വിസ മാത്രമാണ് ലഭിക്കുക. പ്രധാനമായും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഡൈവേഴ്സിറ്റി വിസ ലോട്ടറി പ്രോഗ്രാമിൻ്റെ ഗുണഭോക്താക്കൾ. ഇന്ത്യക്കുപുറമെ, ബംഗ്ലാദേശ്, ബ്രസീൽ, കാനഡ, ചൈന, കൊളംബിയ, ക്യൂബ, ഡൊമിനിക്കൻ റിപ്പബ്ലിക്, എൽ സാൽവഡോർ, ഹൈതി, ഹോണ്ടുറാസ്, ജമൈക്ക, മെക്സിക്കോ, നൈജീരിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, വെനസ്വേല, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്ന് ഉള്ളവരെയും പദ്ധതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
2021 ൽ 93,450 ഇന്ത്യക്കാർ യുഎസിലേക്ക് താമസം മാറിയതായി യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ ഡാറ്റ കാണിക്കുന്നു, ഇത് 2022 ൽ 127,010 ആയി ഉയർന്നു. 2023 ൽ ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റം 78,070 ആയി കുറഞ്ഞെങ്കിലും, കുറഞ്ഞത് 2028 വരെ രാജ്യത്തെ ലോട്ടറി സമ്പ്രദായത്തിൽ നിന്ന് ഇന്ത്യയെ അകറ്റി നിർത്താൻ ഇത് പര്യാപ്തമാണ്.
US suspends ‘Green Card Lottery’; Here’s why Trump’s tough decision won’t affect India














