
വാഷിങ്ടൺ: സിറിയയിൽ അമേരിക്കൻ സൈനികർക്ക് നേരെ ശനിയാഴ്ച നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ യുഎസ് സൈനിക സാന്നിധ്യത്തെ ശക്തമായി ന്യായീകരിച്ച് യുഎസിന്റെ സിറിയൻ പ്രത്യേക ദൂതൻ ടോം ബാരാക്ക്. ചില നിയമനിർമ്മാതാക്കൾ സിറിയയിലെ സൈനിക ആവശ്യകതയെ ചോദ്യം ചെയ്യുന്നതിനിടയിലാണ് ബാരാക്കിന്റെ നിർണായകമായ പ്രതിരോധം. വർഷങ്ങളായി സിറിയയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന യുഎസ് സൈന്യം, ഐഎസിനെതിരായ വിശാലമായ പോരാട്ടത്തിന്റെ ഭാഗമായി സിറിയൻ പങ്കാളി സേനകളെ പരിശീലിപ്പിച്ചു വരുന്നുണ്ട്.
പുതിയ ആക്രമണം യുഎസ് തന്ത്രത്തിന്റെ പ്രാധാന്യം അസാധുവാക്കുന്നില്ല, മറിച്ച് അത് ഊട്ടിയുറപ്പിക്കുന്നു എന്നാണ് ബാരാക്ക് എക്‌സിൽ കുറിച്ചത്. “ഭീകരർ ആക്രമണം നടത്തുന്നത്, പ്രസിഡന്റ് അഹമ്മദ് അൽ-ഷറായുടെ നേതൃത്വത്തിലുള്ള സിറിയൻ സൈന്യം ഉൾപ്പെടെയുള്ള സിറിയൻ പങ്കാളികൾക്ക് യുഎസ് പിന്തുണയോടെ സ്ഥിരമായ സമ്മർദ്ദം ചെലുത്തുന്നതുകൊണ്ടാണ്. ഞങ്ങളുടെ അന്വേഷണം തുടരുമ്പോഴും പുതിയ വിവരങ്ങൾ വരുമ്പോഴും ഈ യാഥാർത്ഥ്യം മാറ്റമില്ലാതെ തുടരും,” ബാരാക്ക് പറഞ്ഞു.
ഐഎസിനെതിരായ യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിൽ സിറിയ ചേർന്നതിന് ഒരു മാസം മാത്രം ശേഷമാണ് ഈ ആക്രമണം നടന്നത്. സഖ്യത്തിനുള്ളിലെ പങ്കാളിത്തം ഐഎസിനെ എവിടെ ഒളിച്ചിരുന്നാലും നിഷ്ക്രിയമാക്കാനുള്ള ശ്രമങ്ങൾക്ക് ശക്തി പകരുമെന്ന് ബാരാക്ക് അഭിപ്രായപ്പെട്ടു. “സിറിയൻ മണ്ണിൽ വെച്ച് ഐഎസിനെ നേരിട്ട് പരാജയപ്പെടുത്തുന്നതിലൂടെ, പ്രാദേശിക സേനകളുമായുള്ള ഞങ്ങളുടെ പരിമിതമായ സൈനിക സാന്നിധ്യം അമേരിക്കയെ കൂടുതൽ വലിയ ഭീഷണികളിൽ നിന്ന് സജീവമായി സംരക്ഷിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
സിറിയയിൽ ഐഎസ് വീണ്ടും ശക്തിപ്പെടുന്നത് തടയുന്നതിലൂടെ യൂറോപ്പിലേക്കും അവിടെ നിന്ന് അമേരിക്കൻ തീരങ്ങളിലേക്കും വരാൻ സാധ്യതയുള്ള ഭീകരവാദ പ്രവാഹങ്ങളെയാണ് തടയുന്നതെന്നും ബാരാക്ക് വ്യക്തമാക്കി. രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് സിറിയയിലെ സൈനിക സാന്നിധ്യം അത്യന്താപേക്ഷിതമാണ് എന്ന നിലപാടാണ് യുഎസ് ഭരണകൂടം സ്വീകരിക്കുന്നതെന്നാണ് ഈ പ്രസ്താവന നൽകുന്ന സൂചന.















