
വാഷിംഗ്ടണ്‍ : മറ്റ് ലോക രാജ്യങ്ങളുമായി തീരുവ യുദ്ധം കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിവിധ രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ഓഗസ്റ്റ് 7 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍വരും. യുഎസുമായി വ്യാപാരക്കരാറിൽ ഏർപ്പെടാൻ അനുവദിച്ച സമയപരിധി ഇന്നലെ അവസാനിച്ചതോടെ യൂറോപ്യന്‍ യൂണിയന്‍ അടക്കം 68 രാജ്യങ്ങളെ അധിക തീരുവ ബാധിക്കും.
ഏഷ്യൻ രാജ്യങ്ങളായ മ്യൻമറിനും ലാവോസിനും 30% വീതം, ഇറാക്കിന് 35% തീരുവ നൽകേണ്ടി വരും. തായ്‍വാൻ, ഇന്ത്യ, വിയറ്റ്നാം എന്നിവ 20-25% വിഭാഗത്തിലാണുള്ളത്. തായ്‍ലൻഡിന്റെ തീരുവ 36ൽ നിന്ന് 19 ശതമാനത്തിലേക്ക് കുറച്ചു. തായ്‍വന്റേത് 32ൽ നിന്ന് 20 ശതമാനവുമാക്കി. ഇറാക്ക്, സെർബിയ, ലബിയ, അൾജീരിയ എന്നിവ 30-35 ശതമാനം വിഭാഗത്തിലാണുള്ളത്. മെക്സിക്കോയുടെ തീരുവ 30ൽ നിന്ന് 25 ശതമാനത്തിലേക്ക് താഴ്ത്തിയിട്ടുണ്ട്.
10% മുതല്‍ 50%വരെ അധിക തീരുവ ചുമത്താനാണ് അമേരിക്കയുടെ നീക്കം. അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് ബ്രസീല്‍ 50 ശതമാനം തീരുവ നല്‍കേണ്ടി വരും. സിറിയ നല്‍കേണ്ടി വരിക 41% തീരുവയാണ്. കഴിഞ്ഞ ദിവസം ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 25% തീരുവയും അതിനുമേല്‍ പിഴയും ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം, പാക്കിസ്ഥാനോട് മൃദു സമീപനമാണ് ട്രംപ് പ്രകടിപ്പിക്കുന്നത്. പാക്കിസ്ഥാന്റെ തീരുവ 29 ശതമാനത്തില്‍ നിന്നും 19 ശതമാനമായി കുറച്ചിട്ടുണ്ട്.
തീരുവ ചുമത്താനുള്ള തീരുമാനത്തിനെതിരെ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.