
വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിനുശേഷം ഇന്ത്യയുടെ കയറ്റുമതിയെ സാരമായി ബാധിച്ചിരുന്നു. ഇപ്പോഴിതാ അമേരിക്കന്‍ വിപണിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി തുടര്‍ച്ചയായ നാലാം മാസവും ഇടിഞ്ഞതായാണ് റിപ്പോര്‍ട്ട്. 2025 മെയ്-സെപ്റ്റംബര്‍ കാലയളവില്‍ 37.5% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ആസ്ഥാനമായുള്ള ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജിടിആര്‍ഐ) നടത്തിയ വിശകലനമാണ് യുഎസ് തീരുവ കയറ്റുമതിയെ സാരമായി ബാധിക്കുന്നുവെന്ന റിപ്പോര്‍ട്ടു പുറത്തുവിട്ടത്.
ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് ഈ റിപ്പോര്‍ട്ട് എത്തുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ 10% തീരുവ ചുമത്തിയ യുഎസ് ഓഗസ്റ്റില്‍ താരിഫ് 50 ശതമാനത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു. ഓഗസ്റ്റ് 7 നു ചുമത്തിയ 25% പകരം തീരുവയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഓഗസ്റ്റ് 27ന് ഇരട്ടിയാക്കിയത്.
2025 മെയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കയറ്റുമതി ഇടിവ് 8.8 ബില്യണ്‍ ഡോളറില്‍ നിന്ന് 5.5 ബില്യണ്‍ ഡോളറായി. സമീപവര്‍ഷങ്ങളിലെ ഏറ്റവും ആഘാതം നല്‍കിയുള്ള ഹ്രസ്വകാല തകര്‍ച്ചകളില്‍ ഒന്നാണിതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയുടെ യുഎസ് കയറ്റുമതിയുടെ ഏകദേശം 60% വരുന്നത് തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, രാസവസ്തുക്കള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, യന്ത്രങ്ങള്‍ തുടങ്ങിയ തൊഴില്‍ മേഖലകളാണ്. ഇവയില്‍ 33% ഇടിവ് നേരിട്ടു, മെയ് മാസത്തിലിത് 4.8 ബില്യണ്‍ ഡോളറായിരുന്നത് സെപ്റ്റംബറില്‍ 3.2 ബില്യണ്‍ ഡോളറായെന്ന് ജിടിആര്‍ഐ വിശകലനത്തില്‍ കണ്ടെത്തി. ‘സ്മാര്‍ട്ട്ഫോണുകളും ഫാര്‍മസ്യൂട്ടിക്കലുകളുമാണ് ഏറ്റവും വലിയ നാശനഷ്ടം’ നേരിട്ടത്.
2024 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 197% വര്‍ദ്ധിച്ചു, അതായത് മൂന്നിരട്ടിയായി. 2025 ലെ അതേ കാലയളവില്‍ ഇത് 58% കുറഞ്ഞു. ജൂണില്‍ 2 ബില്യണ്‍ ഡോളറില്‍ നിന്ന് ജൂലൈയില്‍ 1.52 ബില്യണ്‍ ഡോളറായും ഓഗസ്റ്റില്‍ 964.8 മില്യണ്‍ ഡോളറായും ഒടുവില്‍ സെപ്റ്റംബറില്‍ 884.6 മില്യണ്‍ ഡോളറായും ഇത് കുറഞ്ഞു. വ്യാവസായിക ലോഹങ്ങളുടെയും ഓട്ടോ പാര്‍ട്സുകളുടെയും കയറ്റുമതിയിലും 16.7% നേരിയ ഇടിവ് രേഖപ്പെടുത്തി. അലുമിനിയം കയറ്റുമതിയില്‍ 37%, ചെമ്പ് 25%, ഓട്ടോ പാര്‍ട്സ് 12%, ഇരുമ്പ്, സ്റ്റീല്‍ 8% എന്നിങ്ങനെ കുറഞ്ഞു. രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയില്‍ 59.5% ഇടിവുണ്ടായി. 500.2 മില്യണ്‍ ഡോളറില്‍ നിന്ന് 202.8 മില്യണ്‍ ഡോളറായാണ് ഈ കുറവുണ്ടായത്. സൂറത്തിലെയും മുംബൈയിലെയും യൂണിറ്റുകളെ ഇത് ആഴത്തില്‍ ബാധിച്ചു എന്ന് റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.
സോളാര്‍ പാനലുകളുടെ കയറ്റുമതി 60.8 ശതമാനം ഇടിഞ്ഞ് 202.6 മില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 79.4 മില്യണ്‍ യുഎസ് ഡോളറായി. ഇത് ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ്ജ കയറ്റുമതിയില്‍ നേട്ടം ഇല്ലാതാക്കി. അതേസമയം, 2025 മെയ്- സെപ്റ്റംബര്‍ കാലയളവില്‍ ചൈന 30% താരിഫുകളും വിയറ്റ്‌നാം 20% താരിഫുകള്‍ നേരിട്ടതിനാല്‍ ഇവ യുഎസ് വിപണിയിലേക്ക് ഇന്ത്യയെ പിന്തള്ളിയെത്തി.
US tariffs affected India’s exports; 37% drop in exports including smartphones and gems















