
വാഷിംഗ്ടൺ: അമേരിക്കയിൽ താമസിക്കുന്ന അഫ്ഗാൻ പൗരന്മാർക്കെതിരെ കർശന നടപടികളുമായി ട്രംപ് ഭരണകൂടം മുന്നോട്ട്. ക്രിസ്മസ്, പുതുവത്സര അവധി ദിനങ്ങളിൽ രേഖകളുമായി നേരിട്ട് ഹാജരാകാൻ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് നിരവധി അഫ്ഗാൻ പൗരന്മാർക്ക് സമൻസ് അയച്ചു. ക്രിസ്മസ് ദിനത്തിലും പുതുവത്സര ദിനത്തിലും (ജനുവരി 1), കൂടാതെ ഡിസംബർ 27, 30 തീയതികളിലും റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ബ്ലൂംബെർഗ് ന്യൂസ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
ഇത്തരം ഔദ്യോഗിക കൂടിക്കാഴ്ചകൾക്കായി ഓഫീസിലെത്തുന്നവരെ മുൻകൂട്ടി അറിയിപ്പില്ലാതെ അറസ്റ്റ് ചെയ്യുന്ന നടപടി ഐ.സി.ഇ തുടരുകയാണ്. ഗ്രീൻ കാർഡ് ഇന്റർവ്യൂവിനായി എത്തിയവരെ പോലും ഇത്തരത്തിൽ തടങ്കലിലാക്കിയ സംഭവങ്ങളുണ്ട്. 2021-ൽ താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയപ്പോൾ ജോ ബൈഡൻ ഭരണകൂടം പ്രത്യേക സംരക്ഷണം നൽകി അമേരിക്കയിലെത്തിച്ച ‘അഫ്ഗാൻ സഖ്യകക്ഷികളെ’ ലക്ഷ്യമിട്ടാണ് ഈ നീക്കം. അമേരിക്കൻ സൈന്യത്തെ സഹായിച്ചിരുന്നവരും ഇതിൽ ഉൾപ്പെടുന്നു.
അഭയാർത്ഥികൾക്ക് നിയമസഹായം തേടാൻ പ്രയാസമുള്ള അവധി ദിവസങ്ങൾ തന്നെ ഇതിനായി തിരഞ്ഞെടുത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
“നിയമപരമായ ഉപദേശം തേടാനോ കോടതികളെ സമീപിക്കാനോ ഉള്ള സാഹചര്യം ഏറ്റവും കുറവുള്ള സമയത്താണ് ഐ.സി.ഇ ഈ നടപടി സ്വീകരിക്കുന്നത്. ഇത് കേവലം അഡ്മിനിസ്ട്രേറ്റീവ് നടപടിയല്ല, മറിച്ച് മനപ്പൂർവ്വമുള്ള നീക്കമാണ്.” – ഷോൺ വാൻഡിവർ പറഞ്ഞു. അഫ്ഗാൻ അഭയാർത്ഥികൾക്കുള്ള നിയമപരിരക്ഷ റദ്ദാക്കാനും അവരെ തിരിച്ചയക്കാനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ വിശാലമായ നീക്കത്തിന്റെ ഭാഗമായാണ് ഇതിനെ വിലയിരുത്തുന്നത്.














