ദില്ലി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ തീരുവ ഭീഷണിയിൽ കുലുങ്ങാതെ ഇന്ത്യ. 50 ശതമാനം തീരുവ ഇന്ത്യക്കെതിരെ ഏർപ്പെടുത്തിയുള്ള ഉത്തരവിന് പിന്നാലെ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യയും തീരുവ ഉയർത്തുന്നത് ആലോചിക്കുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതും ഇന്ത്യ ഉടൻ നിർത്തില്ല. ട്രംപിന്‍റെ നീക്കത്തെ കരുതലോടെ നേരിടുമെന്ന് കേന്ദ്ര സർക്കാർ വ്യത്തങ്ങൾ അറിയിച്ചു.വിഷയത്തിൽ അമേരിക്കയുമായുള്ള വ്യപാര കരാറിന്റെ കാര്യത്തിൽ കൂടുതൽ ഉത്പന്നങ്ങൾക്ക് ഇളവു നൽകുന്നതടക്കം ആലോചിക്കും.
അതേസമയം ചർച്ചകളിലും അന്താരാഷ്ട്ര വേദികളിലും ഇന്ത്യയോടുള്ള ഇരട്ടത്താപ്പ് ഉന്നയിക്കാനുള്ള നീക്കവും കേന്ദ്രം ശക്തമാക്കി. ഇന്ത്യയ്ക്ക് 50 ശതമാനം അധികം തീരുവ പ്രഖ്യാപിച്ചതിൽ ട്രംപിനെതിരെ വിമർശനവും ശക്തമായുണ്ട് ഇന്ത്യയ്ക്കുള്ള തീരുവ ഇരട്ടിയാക്കിയ ട്രംപ്, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് പിഴ കൂടി ഈടാക്കുന്ന ഉത്തരവിലാണ് ഒപ്പിട്ടത്. മൂന്നാഴ്ചയ്ക്ക് ശേഷം പ്രാബല്യത്തിൽ വരുന്ന നിലയിലാണ് ട്രംപിന്‍റെ ഉത്തരവ്.
ട്രംപിന്‍റേത് അന്യായവും ദൗർഭാഗ്യകരവുമായ നടപടിയെന്നാണ് ഇന്ത്യയുടെ വിമർശനം. ചൈനക്ക് 90 ദിവസത്തെ സമയമാണ് ട്രംപ് നൽകിയിരിക്കുന്നത്. ഇന്ത്യയെക്കാൾ കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. എന്നാൽ ഇന്ത്യക്ക് 3 ആഴ്ചത്തെ സമയം മാത്രമാണ് നൽകിയിട്ടുള്ളത്. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ ഇരട്ടത്താപ്പിനെതിരെ വിമർശനം ശക്തമാകുന്നത്. താരിഫ് പ്രഖ്യാപനം ചൂണ്ടിക്കാട്ടി ചില പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ നോട്ടീസ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.









