
വാഷിംഗ്ടൺ: യുഎസ് വിസ അപേക്ഷകർക്ക് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. 2025 സെപ്റ്റംബർ രണ്ട് മുതൽ മിക്ക നോൺ-ഇമിഗ്രന്‍റ് വിസകൾക്കും ഇനി നേരിട്ടുള്ള അഭിമുഖം നിർബന്ധമാണ്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പുറത്തിറക്കിയ പുതിയ മാറ്റങ്ങൾ, “ഡ്രോപ്പ്ബോക്സ്” എന്നറിയപ്പെടുന്ന ഇന്റർവ്യൂ ഒഴിവാക്കുന്നതിനുള്ള പരിപാടിയുടെ യോഗ്യതാ മാനദണ്ഡങ്ങൾ ഗണ്യമായി വെട്ടിക്കുറയ്ക്കുന്നു.
വിരലിലെണ്ണാവുന്ന ചില കേസുകളിൽ ഒഴികെ, 14 വയസ്സിന് താഴെയുള്ളവരും 79 വയസ്സിന് മുകളിലുള്ളവരും ഉൾപ്പെടെ എല്ലാ നോൺ-ഇമിഗ്രൻ്റ് വിസ അപേക്ഷകരും ഇനി കോൺസുലാർ ഓഫീസറുമായി നേരിട്ടുള്ള അഭിമുഖത്തിന് ഹാജരാകണം. A-1, A-2, C-3 വിസകൾക്ക് അപേക്ഷിക്കുന്നവർക്ക് ഇളവ് ലഭിക്കും. എന്നാൽ ഉദ്യോഗസ്ഥരുടെ സഹായികളോ ജോലിക്കാരോ ആയി പോകുന്നവർക്ക് ഈ ഇളവ് ബാധകമല്ല.
പൂർണ്ണ കാലാവധിയുള്ള B-1, B-2, അല്ലെങ്കിൽ B1/B2 വിസ പുതുക്കുന്ന വ്യക്തികൾക്ക് നേരിട്ടുള്ള അഭിമുഖത്തിൽ നിന്ന് ഒഴിവാക്കാം. കൂടാതെ, മെക്സിക്കൻ പൗരന്മാർക്ക് ബോർഡർ ക്രോസിംഗ് കാർഡ്/ഫോയിൽ ഉള്ളവർക്കും ഇളവ് ലഭിക്കും. ഈ പുതിയ നിയമമനുസരിച്ച്, പല അപേക്ഷകർക്കും അഭിമുഖത്തിന് ഹാജരാകേണ്ടി വരുമ്പോൾ, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന ചില ബിസിനസ്, ടൂറിസ്റ്റ് വിസ ഉടമകൾക്ക് നേരിട്ടുള്ള അഭിമുഖം ഒഴിവാക്കാനും കഴിയും.











