
വാഷിംഗ്ടൺ: യു.എസ്. നോൺ-ഇമിഗ്രന്റ് വിസ (എൻ.ഐ.വി.) അപേക്ഷകർക്ക് ഇനിമുതൽ സ്വന്തം പൗരത്വമുള്ള രാജ്യത്തോ, അല്ലെങ്കിൽ നിയമപരമായി താമസിക്കുന്ന രാജ്യത്തോ മാത്രമെ അഭിമുഖത്തിന് അപ്പോയിന്റ്മെന്റ് എടുക്കാൻ സാധിക്കൂ. പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.
യു.എസ്. എംബസികളിൽ അഭിമുഖത്തിന് കൂടുതൽ കാത്തിരിപ്പ് സമയം വേണ്ടിവരുമ്പോൾ, വിസ ലഭിക്കാൻ എളുപ്പത്തിൽ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്ന പ്രവണത അവസാനിപ്പിക്കാനാണ് ഈ നീക്കം. ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് പുതിയ നിയമം ബാധകമാകും.
ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഇക്കാര്യം വ്യക്തമാക്കി. “നോൺ-ഇമിഗ്രന്റ് വിസ അപേക്ഷകർ യു.എസ്. എംബസിയിലോ കോൺസുലേറ്റിലോ അവരുടെ പൗരത്വമുള്ള രാജ്യത്തോ താമസിക്കുന്ന രാജ്യത്തോ വെച്ച് അഭിമുഖം ഷെഡ്യൂൾ ചെയ്യണം,” പ്രസ്താവനയിൽ പറയുന്നു.
ആരെല്ലാമാണ് പുതിയ നിയമത്തിൻ്റെ പരിധിയിൽ വരുന്നത്?
പുതിയ നടപടി ഇന്ത്യക്കാരെ നേരിട്ട് ബാധിക്കും. വിസ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ കഴിഞ്ഞ വർഷങ്ങളിൽ സിംഗപ്പൂർ, തായ്‌ലൻഡ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ അപേക്ഷ സമർപ്പിച്ച നിരവധി ഇന്ത്യക്കാരുണ്ട്. ഇനിമുതൽ യു.എസിലേക്ക് അടിയന്തരമായി യാത്ര ചെയ്യേണ്ടി വരുന്ന ഇന്ത്യക്കാർക്ക് ബി1 (ബിസിനസ്), ബി2 (ടൂറിസം) തുടങ്ങിയ വിസകൾക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് അപ്പോയിന്റ്മെന്റ് എടുക്കാൻ കഴിയില്ല. ഇവർ സ്വന്തം രാജ്യത്തെ യു.എസ്. എംബസിയെയോ കോൺസുലേറ്റിനെയോ മാത്രമെ ആശ്രയിക്കാൻ പാടുള്ളൂ.