
വാഷിംഗ്ടണ്‍ : പുതിയ തീരുവ കരാറുകളില്‍ ഒപ്പുവെക്കാന്‍ വൈറ്റ് ഹൗസ് ഈ ആഴ്ച യുഎസിന്റെ വ്യാപാര പങ്കാളികളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. പുതുക്കിയ തീരുവകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച 90 ദിവസത്തെ സമയപരിധി ജൂലെ 9 ന് അവസാനിക്കാനിരിക്കെയാണ് പുതിയ നീക്കം.
ഓഗസ്റ്റ് 1 മുതല്‍ ഉയര്‍ന്ന തീരുവ പ്രാബല്യത്തില്‍ വരുമെന്നാണ് യുഎസിന്റെ മുന്നറിയിപ്പ്. വ്യാപാര കരാറില്‍ ഏര്‍പ്പെടാത്ത രാജ്യങ്ങള്‍ക്ക് ട്രംപ് ഭരണകൂടം കത്തുകള്‍ അയയ്ക്കുമെന്ന് വൈറ്റ് ഹൗസ് നാഷണല്‍ ഇക്കണോമിക് കൗണ്‍സില്‍ ഡയറക്ടര്‍ കെവിന്‍ ഹാസെറ്റും ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും ഞായറാഴ്ച പറഞ്ഞു.
‘നമ്മുടെ ചെറിയ വ്യാപാര പങ്കാളികള്‍ വളരെ വലിയ വ്യാപാര പങ്കാളികളായി മാറിയേക്കാം, അതാണ് സമയപരിധിക്ക് മുമ്പ് രാജ്യങ്ങള്‍ ഞങ്ങളുമായി കരാറുകളില്‍ ഏര്‍പ്പെടാന്‍ മത്സരിക്കുന്നതിന്റെ ഒരു കാരണം എന്ന് ഞാന്‍ കരുതുന്നു.’- ഹാസെറ്റ് ‘ഫേസ് ദി നേഷന്‍ വിത്ത് മാര്‍ഗരറ്റ് ബ്രെന്നന്‍’ എന്ന പരിപാടിയില്‍ പറഞ്ഞു. ‘
തിങ്കളാഴ്ച മുതല്‍ 15 കത്തുകള്‍ വരെ അയയ്ക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് സ്ഥിരീകരിച്ചു. അതേസമയം, ചില കരാറുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന്’ കൂടുതല്‍ വിവരങ്ങള്‍ നല്‍കാതെ ട്രംപ് കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ബുധനാഴ്ചയോടെ ഒരു കരാറില്‍ ഏര്‍പ്പെടാത്ത രാജ്യങ്ങള്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ ഉയര്‍ന്ന തീരുവ നിലവില്‍ വരുമെന്ന് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നികും ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
അതേസമയം, യുഎസ് ഉയര്‍ന്ന തീരുവ ചുമത്തുമെന്ന് ഏതൊക്കെ രാജ്യങ്ങളെയാണ് അറിയിക്കുക, വരും ദിവസങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ, ട്രംപ് വീണ്ടും നിരക്കുകള്‍ ചുമത്തുന്നത് നിര്‍ത്തുമോ തുടങ്ങിയ ചോദ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്.














