
വാഷിംഗ്ടണ്‍: യുഎസ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ചില സന്ദർശകർക്ക് ഇനി മുതൽ 15,000 ഡോളർ വരെ ബോണ്ട് നൽകേണ്ടിവരുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു. വിസ അനുവദിക്കുന്നതിന് മുന്നോടിയായി ഈ ബോണ്ട് നൽകേണ്ടിവരുന്ന ഒരു പൈലറ്റ് പ്രോഗ്രാമിന് രണ്ടാഴ്ചയ്ക്കുള്ളിൽ തുടക്കമാകുമെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ച അറിയിപ്പ് പ്രകാരം, വിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവരുടെ എണ്ണം കൂടുതലുള്ള രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കായിരിക്കും ഈ നിബന്ധന ബാധകമാകാൻ സാധ്യത.
കൂടാതെ, വേണ്ടത്ര പരിശോധനകളും വിവരങ്ങളും ലഭ്യമല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്കും ഇത് ബാധകമാകും. ഈ പൈലറ്റ് പ്രോഗ്രാം ഒരു വർഷത്തേക്ക് പ്രാബല്യത്തിൽ വരും. ഇതിലൂടെ, ചില വിസ അപേക്ഷകർക്ക് യുഎസിൽ ബിസിനസ് അല്ലെങ്കിൽ ടൂറിസ്റ്റ് വിസ ലഭിക്കുന്നതിന് 5,000 ഡോളർ മുതൽ 15,000 ഡോളർ വരെ ബോണ്ട് നൽകേണ്ടി വരും. ഇവർക്ക് ചില പ്രത്യേക വിമാനത്താവളങ്ങളിലൂടെ മാത്രമേ യുഎസിലേക്ക് പ്രവേശിക്കാനും പുറത്തുപോകാനും സാധിക്കൂ. ഈ വിമാനത്താവളങ്ങൾ ഏതൊക്കെയാണെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഈ തീരുമാനത്തിനെതിരെ നിരവധി വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. ഇത്രയും വലിയ തുക കെട്ടിവയ്ക്കാൻ സാധിക്കാത്തവർക്ക് യുഎസ് യാത്ര അപ്രാപ്യമാകുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, വിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് യുഎസ് അധികൃതർ വ്യക്തമാക്കുന്നു.