
വാഷിംഗ്ടൺ: റഷ്യക്കെതിരെ യുഎസിൻ്റെ അതേ നിലയിൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ യൂറോപ്യൻ രാജ്യങ്ങളോട് ആവശ്യപ്പെട്ട് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. യുഎസ് എന്തൊക്കെ ചെയ്യണം എന്ന് ഉപദേശിക്കുന്നത് നിർത്തി അവർ പ്രവർത്തിച്ച് തുടങ്ങേണ്ട സമയം അതിക്രമിച്ചുവെന്ന് അദ്ദേഹം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “ഇപ്പോൾ നമ്മുടെ യൂറോപ്യൻ പങ്കാളികൾ നിലപാട് വ്യക്തമാക്കേണ്ട സമയമാണ്. അവർ ‘ഓ, യുഎസ് ഇത് ചെയ്യണം, യുഎസ് അത് ചെയ്യണം’ എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു. റഷ്യൻ എണ്ണ ഉപയോഗിക്കുന്നതിൻ്റെ പേരിൽ പ്രസിഡൻ്റ് ട്രംപ് ഇന്ത്യക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തി. എന്നാൽ യൂറോപ്യൻ രാജ്യങ്ങൾ ഇതുവരെ അത് ചെയ്തിട്ടില്ല,” ബെസെന്റ് പറഞ്ഞു.
റഷ്യൻ അസംസ്കൃത എണ്ണ സംസ്കരിക്കുന്ന ഇന്ത്യൻ റിഫൈനറികളിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങൾ ശുദ്ധീകരിച്ച ഉൽപ്പന്നങ്ങൾ വാങ്ങുന്നത് തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത് പാശ്ചാത്യ രാജ്യങ്ങളുടെ ഒറ്റക്കെട്ടായ നിലപാടിനെ ദുർബലപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നമുക്ക് ഇവിടെ ഒരു ഏകോപനം ആവശ്യമാണ്. പ്രസിഡൻ്റ് ട്രംപിന് പരമാവധി സ്വാധീനം നേടാൻ കഴിയുന്ന ഒരു ഏകീകൃത മുന്നണിയാണ് നമ്മൾ ആഗ്രഹിക്കുന്നതെങ്കിൽ, യൂറോപ്യൻ പങ്കാളികൾ അവരുടേതായ പങ്ക് നിർവഹിക്കണം,” ബെസെന്റ് പറഞ്ഞു.