മകന്‍ ‘അമൃതധാരി’യാണ്, ഒരിക്കലും ലഹരി ഉപയോഗിക്കില്ല, അവനെ രക്ഷിക്കൂ…കണ്ണീരോടെ ജഷന്‍പ്രീതിന്റെ കുടുംബം; യുഎസിലെ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ ഒരുലക്ഷത്തോളം കുടിയേറ്റ ട്രക്ക് ഡ്രൈവർമാരും

ഗുരുദാസ്പൂര്‍: കാലിഫോര്‍ണിയയില്‍ മൂന്ന് പേരുടെ മരണത്തിന് കാരണക്കാരനായ ട്രക്ക് ഡ്രൈവര്‍ ജഷന്‍പ്രീത് സിംഗിന്റെ കുടുംബം ഞെട്ടലിലില്‍ നിന്ന് ഇനിയും മുക്തരായിട്ടില്ല. ജഷന്‍പ്രീത് മയക്കുമരുന്ന് ലഹരിയിലാണ് ട്രക്ക് ഓടിച്ചതെന്നും വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച് അപകടമുണ്ടാക്കിയതെന്നും ഇനിയും വിശ്വസിക്കാനാകാതെ തളര്‍ന്നിരിക്കുകയാണ് പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലുള്ള കുടുംബം.

ജഷന്‍പ്രീത് സിംഗ് ഒരിക്കലും ലഹരി വസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് തങ്ങള്‍ക്ക് ഉറപ്പാണെന്നും അദ്ദേഹം ഒരു ‘അമൃതധാരി (സ്‌നാനമേറ്റ സിഖ്) ആയിരുന്നുവെന്നും അമ്മാവന്‍ ഗുര്‍ബക്ഷ് സിംഗ് പറയുന്നു. മാത്രമല്ല, ജഷന്‍പ്രീത് സിംഗ് അച്ചടക്കവും ദൈവഭക്തിയുള്ളവനുമായിരുന്നുവെന്നും അശ്രദ്ധയില്‍ വാഹനമോടിക്കുന്ന വ്യക്തിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അശ്രദ്ധയില്‍ സംഭവിച്ച അപകടമല്ല, നിര്‍ഭാഗ്യവശാല്‍ സംഭവിച്ചുപോയ ഒന്നായിരിക്കണമെന്നും ഗുര്‍ബക്ഷ് സിംഗ് പറഞ്ഞു. ‘എന്റെ മകനെ രക്ഷിക്കൂ,’ എന്ന് കണ്ണീരോടെ എല്ലാവരോടും അപേക്ഷിച്ചുകൊണ്ടിരിക്കുകയാണ് അമ്മ ജസ്വീര്‍ കൗര്‍. മകനെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന എല്ലാവരോടും ആ അമ്മ ഇതാവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുന്നു. സ്‌കൂള്‍ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന ജഷന്‍പ്രീതിന്റെ പിതാവ് കുല്‍വീന്ദര്‍ സിങ്ങിന് സംസാരിക്കാന്‍ പോലും കഴിയുന്നില്ല. ബന്ധുക്കളും ഗ്രാമവാസികളും കുടുംബത്തെ ആശ്വസിപ്പിക്കാന്‍ എത്തുമ്പോള്‍ നിശബ്ദനായിരിക്കുകയാണ് അദ്ദേഹം. ജഷന്‍പ്രീതിന്റെ അറസ്റ്റിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതോടെയും കാലിഫോര്‍ണിയയിലെ ഗതാഗതക്കുരുക്കിലേക്ക് ട്രക്ക് ഇടിച്ചുകയറ്റുന്നതിന്റെ വീഡിയോ വൈറലായതോടെയും കുടുംബം ആകെ തര്‍ന്നുപോയി.

22 കാരനായ ജഷന്‍പ്രീത് യുഎസിലേക്ക് ‘ഡങ്കി റൂട്ട്’ വഴിയാണ് എത്തിയത്. കുടുംബത്തിനുവേണ്ടിയാണ് മകന് യുഎസിലെത്തി ജോലി ചെയ്യുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. കുടുംബം വായ്പയെടുത്താണ് വീടുവച്ചതെന്നും ഇതിനായി ഏകദേശം 40 ലക്ഷം രൂപ ചെലവഴിച്ചുവെന്നും ഈ കടം വീട്ടാനാണ് മകനെ വിദേശത്തേക്ക് അയച്ചതെന്നും കുടുംബം ദുഖം പങ്കുവെച്ചു.

കുടുംബത്തെ സന്ദര്‍ശിച്ച കര്‍ഷക നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ രഞ്ജിത് സിംഗ്, കേന്ദ്ര, പഞ്ചാബ് സര്‍ക്കാരുകളോട് ഈ വിഷയം യുഎസ് അധികാരികളുമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

യുഎസിലെ ഒരു ലക്ഷത്തിലധികം കുടിയേറ്റ ട്രക്ക് ഡ്രൈവര്‍മാര്‍ ആശങ്കയില്‍

അടുത്തിടെ ജഷന്‍പ്രീത് ഉള്‍പ്പെടെ സിഖ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെട്ട രണ്ട് അപകടങ്ങള്‍ സംഭവിച്ചതോടെ അന്വേഷണങ്ങള്‍ക്ക് വേഗം കൂട്ടിയിരിക്കുകയാണ് യുഎസ് അധികൃതര്‍. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള ഒരു ലക്ഷത്തിലധികം കുടിയേറ്റ ട്രക്ക് ഡ്രൈവര്‍മാര്‍ അമേരിക്കയില്‍ ആശങ്കയിലാണ്. വാണിജ്യ ഡ്രൈവിംഗ് ലൈസന്‍സുകള്‍ (സിഡിഎല്‍) നല്‍കുന്നതില്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയതോടെ ഏതു നിമിഷവും നടപടി നേരിടാമെന്നും ജോലിനഷ്ടപ്പെടാമെന്നും നാടുവിടേണ്ടി വരുമെന്നതുമാണ് ആശങ്ക ഇരട്ടിയാക്കുന്നത്.

യുഎസ് ഗതാഗത വകുപ്പ് (ഡിഒടി), അതിന്റെ ഫെഡറല്‍ മോട്ടോര്‍ കാരിയര്‍ സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ (എഫ്എംസിഎസ്എ) വഴി, നിരവധി സംസ്ഥാനങ്ങള്‍ രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ ഉള്‍പ്പെടെ യോഗ്യതയില്ലാത്തവര്‍ക്ക് സിഡിഎല്‍ നല്‍കിയതായി കണ്ടെത്തിയിരുന്നു. കാലിഫോര്‍ണിയയിലാണ് ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ അധികവുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഫ്‌ളോറിഡയില്‍ മൂന്നുപേരുടെ ജീവനെടുത്ത ഹര്‍ജിന്ദര്‍ സിംഗ് എന്ന സിഖ് ഡ്രൈവര്‍ ഉള്‍പ്പെട്ട അപകടം പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഓഗസ്റ്റില്‍ നടന്ന അപകടത്തില്‍ ഫ്‌ളോറിഡ അറ്റോര്‍ണി ജനറല്‍ ഓഫീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

US Truck Accident: Jashanpreet’s family in tears. Nearly 100,000 immigrant truck drivers fear losing their jobs in the US.

More Stories from this section

family-dental
witywide