
വാഷിംഗ്ടൺ: യുഎസും യുക്രെയ്നും തമ്മിൽ ധാതുഖനന – പ്രകൃതിവിഭവ കരാറുകളിൽ ഒപ്പിട്ടു. അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിന്നെങ്കിലും, മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം ഇരു രാജ്യങ്ങളും വാഷിംഗ്ടണിൽ കരാറിൽ ഒപ്പുവച്ചു.
കൈവിലെ അപൂർവ ധാതുക്കൾ വാഷിംഗ്ടണിന് ലഭ്യമാക്കുന്ന ഒരു കരാറിനെക്കുറിച്ചുള്ള ചർച്ചകളെത്തുടർന്ന്, യുക്രെയ്നുമായി സാമ്പത്തിക പങ്കാളിത്തം ഉറപ്പിച്ചതായി അമേരിക്ക പ്രഖ്യാപിച്ചു. യുക്രെയ്ൻ പുനർനിർമ്മാണ നിക്ഷേപ ഫണ്ട് സ്വരൂപീകരിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചതായി ട്രഷറി വകുപ്പിന്റെ പത്രക്കുറിപ്പിൽ പറയുന്നു.
ധാതു കരാറിൽ ഒപ്പുവെച്ചതും പുതിയ യുഎസ്-ഉക്രെയ്ൻ നിക്ഷേപ ഫണ്ട് സ്ഥാപിച്ചതും സംബന്ധിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഒരു വീഡിയോ സന്ദേശം പുറത്തുവിട്ടു.
” സ്വതന്ത്രവും പരമാധികാരമുള്ളതും സമൃദ്ധവുമായ യുക്രെയ്‌ൻ എന്ന ലക്ഷ്യത്തിനു വേണ്ടി, ഒരു സമാധാന പ്രക്രിയയ്ക്ക് ട്രംപ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്. ഈ ക്രൂരവും അർത്ഥശൂന്യവുമായ യുദ്ധം അവസാനിപ്പിക്കേണ്ട സമയമാണിത്.” – റഷ്യൻ നേതൃത്വത്തെ ലക്ഷ്യമിട്ടുകൊണ്ട് ബെസെൻ്റ് പറഞ്ഞു.
ഫണ്ട് വേഗത്തിൽ കൈമാറുന്നതിന് യുഎസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ യുക്രെയ്ൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്‌നിനുവേണ്ടി കരാറിൽ ഒപ്പുവച്ച ഉപപ്രധാനമന്ത്രി യൂലിയ സ്വൈരിഡെങ്കോ, സോഷ്യൽ മീഡിയയിൽ അതിന്റെ വ്യവസ്ഥകൾ പങ്കുവച്ചിട്ടുണ്ട്.
ധാതുക്കൾ, എണ്ണ, വാതകം എന്നിവയിലെ യുക്രേനിയൻ പദ്ധതികളിൽ പാശ്ചാത്യ നിക്ഷേപം ആകർഷിക്കാൻ സഹായിക്കുന്നതിനായി കരാർ ഉണ്ടാക്കിയെന്നും ഒരു പുനർനിർമ്മാണ നിക്ഷേപ ഫണ്ട് സ്ഥാപിക്കുന്നതിനാണ് ഇതെന്നും അവർ എക്സിൽ കുറിച്ചു.
വിഭവങ്ങൾ ഉക്രെയ്‌നിന്റെ സ്വത്തായി തുടരുമെന്നും ഖനനം എവിടെ നടത്തണമെന്ന് കീവ് തീരുമാനിക്കുമെന്നും അവർ പറയുന്നു.
പങ്കാളിത്തം 50/50 അടിസ്ഥാനത്തിൽ തുല്യമായിരിക്കും, കരാറിൽ യുഎസിനോട് കടബാധ്യതയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
യുക്രെയ്‌നിലെ പദ്ധതികളിലേക്ക് നിക്ഷേപവും സാങ്കേതികവിദ്യയും ആകർഷിക്കാൻ സഹായിക്കുന്നതിൽ യുഎസ് ഒരു പങ്കു വഹിക്കും.
പകരമായി, യുക്രെയ്‌നിനുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ ആയുധങ്ങൾ ഉൾപ്പെടെയുള്ള സഹായം യുഎസ് സംഭാവന ചെയ്യും.
ഫണ്ടിന്റെ വരുമാനത്തിനും സംഭാവനകൾക്കും ഇരു രാജ്യങ്ങളും നികുതി ചുമത്തില്ല
ആഗോള സുരക്ഷയ്ക്ക് ഉക്രെയ്ൻ നൽകിയ സംഭാവനകളെ കരാർ അംഗീകരിക്കുന്നു, കരാറിന് മധ്യസ്ഥത വഹിക്കാൻ പ്രവർത്തിച്ച എല്ലാവർക്കും അവർ നന്ദി പറഞ്ഞു.
US, Ukraine Sign Minerals Deal