യുഎസ് വീസാ ഫീസ് നിരക്ക് വര്‍ധന: ഇന്ത്യയിലേക്കു വരാന്‍ വിമാനത്തില്‍ കയറിയവര്‍ വാശിപിടിച്ച് തിരിച്ചിറങ്ങി, വിമാനം മണിക്കൂറുകള്‍ വൈകി, ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു

ന്യൂഡല്‍ഹി : ഇന്ത്യക്കാരായ യാത്രക്കാര്‍ തിരിച്ചിറങ്ങണമെന്ന് നിര്‍ബന്ധം പിടിച്ചതിന് പിന്നാലെ സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍നിന്ന് പുറപ്പെടാനൊരുങ്ങിയ എമിറേറ്റ്സിന്റെ വിമാനം മണിക്കൂറുകള്‍ വൈകി. യുഎസ് വിമാനത്താവളങ്ങളില്‍ മാത്രമല്ല ദുബായിലും മറ്റു ചില ട്രാന്‍സിറ്റ് വിമാനത്താവളങ്ങളിലും ഇന്ത്യക്കാരായ യാത്രക്കാര്‍ ആശങ്കപ്പെട്ടെന്നും യാത്ര ഇടയ്ക്ക് അവസാനിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. വീസാ ഫീസ് നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനമായിരുന്നു ഇവരില്‍ ആശങ്കയുണ്ടാക്കിയത്.

ദുര്‍ഗാപൂജ കണക്കാക്കിയും മറ്റും നാട്ടിലേക്ക് പുറപ്പെടാന്‍ വിമാനത്താവളത്തിലെത്തിയ പല ഇന്ത്യക്കാരും യാത്ര റദ്ദാക്കുകയായിരുന്നുവെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, വീസ നിരക്കു വര്‍ധനയുടെ വാര്‍ത്തകള്‍ക്കു പിന്നാലെ ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് നേരിട്ടുള്ള വിമാനത്തിന്റെ നിരക്കും കുതിച്ചുയര്‍ന്നു. ഡല്‍ഹിയില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ടിക്കറ്റ് നിരക്ക് 70,000-80,000 രൂപയിലേക്ക് എത്തിയിട്ടുണ്ട്. നേരത്തെ ഇത് 37,000 രൂപയായിരുന്നു. അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങിയ എച്ച് 1 ബി വീസ ഉടമകളെയടക്കം വിവിധ യുഎസ് കമ്പനികള്‍ തിരിച്ചുവിളിച്ചതോടെയാണ് വിമാനക്കമ്പനികള്‍ നിരക്ക് കൂട്ടിയിരിക്കുന്നത്.

യുഎസിലേക്കു മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കാന്‍ വിദേശകാര്യ മന്ത്രാലയം എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നിര്‍ദേശം നല്‍കി. എച്ച്1ബി വീസയുമായി ബന്ധപ്പെട്ട പ്രതിസന്ധിക്കു യുഎസ് സര്‍ക്കാര്‍ ഉചിതമായ പരിഹാരം കാണുമെന്നു പ്രതീക്ഷിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചുണ്ട്.

More Stories from this section

family-dental
witywide