വാഷിംങ്ടൺ: കുടിയേറ്റേതര വിസ അപേക്ഷകർക്കായി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (ഡിഎച്ച്എസ്) നിർബന്ധിത വിസ ഇന്റഗ്രിറ്റി ഫീസ് ഏർപ്പെടുത്തി. 2026 മുതലാണ് ഈ നടപടി നടപ്പിലാക്കുക. പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് പുതിയതായി ഒപ്പുവെച്ച ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട്’ പ്രകാരമാണ് 2026 മുതൽ നോൺ – ഇമിഗ്രന്റ് വിസ വിഭാഗങ്ങൾക്ക് 250 ഡോളർ ‘ വിസ ഇന്റഗ്രിറ്റി ഫീസ്’ നിർബന്ധമാക്കിയത്. ടൂറിസ്റ്റുകൾ (ബി-1/ബി-2), വിദ്യാർഥികൾ (എഫ്, എം), എച്ച്-1ബി പ്രൊഫഷണൽസ്, എക്സ്ചേഞ്ച് വിസിറ്റർമാർ തുടങ്ങിയ എല്ലാ നോൺ – ഇമിഗ്രന്റ് വിസ ഉടമകൾക്കും ഈ ഫീസ് ബാധകമാണ്.
നയതന്ത്ര വിസകളെ (എ, ജി ക്ലാസുകൾ) മാത്രമാണ് ഇതിൽനിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഫ്രാഗോമെന്റെ റിപ്പോർട്ട് അനുസരിച്ച്, വിസ നൽകുന്ന സമയത്ത് $250 ഫീസ് ഈടാക്കും. ഈ തുക ഉയർത്താൻ DHS-ന് അധികാരമുണ്ട്. 2026 മുതൽ, ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കി തുക വർഷം തോറും വർദ്ധിക്കും. വിസ ഉടമ എല്ലാ വിസ വ്യവസ്ഥകളും കർശനമായി പാലിക്കുക ആണെങ്കിൽ തുക തിരിച്ച് നൽകാനും സാധ്യതയുണ്ട്. അതിൽ അംഗീകാരമില്ലാതെ ജോലി ചെയ്യരുത്, അധികകാലം തങ്ങരുത് എന്നിവ ഉൾപ്പെടുന്നു. I-94 കാലാവധി കഴിഞ്ഞ് അഞ്ച് ദിവസത്തിനുള്ളിൽ (കാലവധി നീട്ടാനോ അല്ലെങ്കിൽ സ്റ്റാറ്റസ് മാറ്റത്തിനോ അപേക്ഷിക്കാതെ) യു.എസ്. വിടണം, അല്ലെങ്കിൽ I-94 കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിയമപരമായ ഒരു കാലാവധി നീട്ടനോ സ്ഥിര താമസത്തിനുള്ള ക്രമീകരണമോ നേടണം.
ഈ വ്യവസ്ഥകൾ പാലിക്കുകയാണെങ്കിൽ, ഫീസ് തിരികെ നൽകും. അല്ലെങ്കിൽ, തുക യുഎസ് ട്രഷറിയുടെ പൊതു ഫണ്ടിലേക്ക് പോകുകയും ചെയ്യും .അന്താരാഷ്ട്ര മേഖലകളിൽ വിദ്യാർത്ഥികൾ, ടെക് പ്രൊഫഷണലുകൾ, വിനോദസഞ്ചാരികൾ, തൊഴിലുടമകൾ എന്നിവരെയാണ് ഇത് ബാധിക്കുക എന്നാണ് കരുതുന്നത്.















