
ന്യൂഡല്‍ഹി: ഇസ്രയേലിന് കരുത്ത് പകര്‍ന്ന് ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണത്തിന് യുഎസ് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമപാത ഉപയോഗിച്ചുവെന്ന അഭ്യൂഹങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇതില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ഇന്ത്യന്‍ വ്യോമപാത ഒരിക്കലും യുഎസ് ഉപയോഗിച്ചിട്ടില്ലെന്നും പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യുറോ (പിഐബി) വ്യക്തമാക്കി.
സൈനിക നടപടിക്ക് അമേരിക്ക തിരഞ്ഞെടുത്ത വ്യോമപാത എന്തായിരുന്നുവെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ഡാന്‍ കെയിന്‍ വിശദീകരിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിഐബിയുടെ വിശദീകരണം.
അതേസമയം, ഇസ്രയേല്‍ – ഇറാന് സംഘര്‍ഷം വര്‍ദ്ധിക്കുന്നതിനിടെ ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചിരുന്നു. സംഘര്‍ഷങ്ങളില്‍ ഇന്ത്യയുടെ ആശങ്ക അറിയിച്ച പ്രധാനമന്ത്രി, നിലവിലെ സാഹചര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തുവെന്ന് എക്സില്‍ കുറിച്ചു.
”ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി സംസാരിച്ചു. നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. സമീപകാലത്തെ സംഘര്‍ഷങ്ങളില്‍ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു. പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനും സംഘര്‍ഷം കുറയ്ക്കുന്നതിനും ചര്‍ച്ചകള്‍ തുടരണം” പ്രധാനമന്ത്രി എക്സില്‍ കുറിച്ചു
ജൂണ്‍ 22 ഇറാന് സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അമേരിക്ക ഇറാനിലെ ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. ഓപ്പറേഷന് മിഡ്നൈറ്റ് ഹാമര്‍ എന്നായിരുന്നു സൈനിക നടപടിക്ക് അമേരിക്ക നല്കിയ പേര്.