
കീവ്: യുക്രെയ്ൻ പ്രസിഡന്‍റ് വോളോദിമിർ സെലെൻസ്കിയുമായി ചർച്ച നടത്താൻ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെ അമേരിക്ക സമ്മർദ്ദത്തിലാക്കണമെന്ന് യുക്രെയ്ൻ പാർലമെന്റ് അംഗം യെഹോർ ചെർനിയേവ്. പുടിൻ ഒടുവിൽ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ചെർനിയേവ്. പുടിൻ സ്വയം അതിന് സമ്മതിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
“അമേരിക്കയുടെ ഉപരോധങ്ങളുടെയും പ്രസിഡന്റ് ട്രംപിന്റെ സമ്മർദ്ദത്തിന്റെയും ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു. അതിന് പുടിനെ ഈ കൂടിക്കാഴ്ചയിലേക്ക് നിർബന്ധിക്കാൻ കഴിയും. അതിനാൽ, ഇത് നടപ്പാക്കാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നു, പക്ഷേ അത് അമേരിക്കയുടെ ഭാഗത്തുനിന്നുള്ള സമ്മർദ്ദത്തിലൂടെ മാത്രമായിരിക്കും,” ചെർനിയേവ് വ്യക്തമാക്കി.
പ്രസിഡന്റ് സെലെൻസ്കി ഒരു മുൻ വ്യവസ്ഥകളുമില്ലാതെ പുടിനുമായി കൂടിക്കാഴ്ചക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇത് സമാധാനത്തിന് ഞങ്ങൾ തയ്യാറാണെന്നതിന്റെ നല്ല സൂചനയാണ്. പക്ഷേ അത് ഒരു വിലകൊടുത്തും നേടുന്ന സമാധാനമായിരിക്കില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.