
ഡെറാഡൂൺ: ആശങ്ക ഇരട്ടിയാക്കി ഉത്തരാഖണ്ഡിൽ പ്രളയത്തിൽ മുങ്ങിയ ഉത്തരകാശിയിലെ ധരാളി ഗ്രാമത്തിനടുത്ത് വീണ്ടും മേഘവിസ്ഫോടനം. മേഘവിസ്ഫോടനത്തെ തുടർന്ന് ഘീർഗംഗ നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ ഒരു ഗ്രാമം ഒന്നാകെ ഒലിച്ചുപോയ ധരാളിക്കടുത്ത സുഖി ടോപ്പിലാണ് രണ്ടാമത് മേഘവിസ്ഫോടനമുണ്ടായതെന്ന് ദേശീയ വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. ഇതോടെ മിന്നൽ പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ദുഷ്കരമായി. അഞ്ചോളം പേർ മരിച്ചതായാണ് വിവരം. നിരവധി പേരെ കാണാനില്ല. മിന്നൽ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ ധരാളി ഗ്രാമത്തിൻ്റെ ഒരു ഒരു ഭാഗം പൂർണമായും വെള്ളത്തിൽ മുങ്ങി. സുഖി ടോപ്പിലെ ദുരന്തത്തെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. അതേസമയം 130 പേരെ സൈന്യം രക്ഷപ്പെടുത്തി. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഹെൽപ്പ്‌ലൈൻ നമ്പറുകൾ തുറന്നു. 01374-222126, 222722, 9456556431ഈ നമ്പറുകളിൽ അടിയന്തര ആവശ്യങ്ങൾക്ക് വിളിക്കാം.
ഉത്തരകാശിയില്‍ ഇരട്ട മേഘവിസ്ഫോടനത്തെ തുടര്‍ന്ന് കാണാതായവരില്‍ സൈനികരും ഉള്‍പ്പെട്ടതായി വിവരം. ഹര്‍സില്‍ ആര്‍മി ബേസ് ക്യാമ്പിനെ മിന്നല്‍ പ്രളയം ബാധിച്ചതായാണ് അറിയുന്നത്. രണ്ടാമതുണ്ടായ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവുമാണ് ആര്‍മി ക്യാമ്പിനെ ബാധിച്ചത്. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
അതേസമയം ദുരന്തഭൂമിയിൽ കൂടുതൽ സൈന്യത്തെയെത്തിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ച് സഹായങ്ങൾ വാഗ്ദാനം ചെയ്തു. ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.
ഉച്ചക്ക് 1.40 ഓടെയാണ് ആദ്യ മേഘവിസ്ഫോടനമുണ്ടായത്. ഇതോടെ ബഹുനില കെട്ടിടങ്ങളെയും വീടുകളെയുമെല്ലാം പിഴുതെടുത്താണ് പ്രളയജലം ധരാളി ഗ്രാമത്തെ മുക്കി. ഓടിക്കൊണ്ടിരുന്ന വാഹനങ്ങളടക്കം ഒഴുകിപ്പോയി. അടുത്തുതന്നെ വിനോദ സഞ്ചാര കേന്ദ്രമുള്ളതിനാൽ പ്രദേശത്ത് നിരവധി ഹോട്ടലുകളും റിസോർട്ടുകളുമുണ്ടായിരുന്നു. ഇവയെല്ലാം ഒലിച്ചുപോയതായാണ് വിവരം.