
ഉത്തരകാശി : ഉത്തരാഖണ്ഡിനെ നടുക്കി എത്തിയ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ 11 സൈനികരെ കാണാതായെന്ന് കരസേന. രണ്ട് പേരെ രക്ഷിച്ചതായും 9 പേര്‍ക്കായി തെരച്ചില്‍ തുടരുന്നതായും കരസേന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഉത്തരാഖണ്ഡ് മേഘവിസ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചതായി ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അറിയിച്ചു. 130 പേരെ രക്ഷപ്പെടുത്തിയതായാണ് കരസേന വ്യക്തമാക്കുന്നത്. കരസേന, ഐടിബിപി, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ രക്ഷിച്ചത്.
ഉത്തര കാശിയില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നാണ് മിന്നല്‍ പ്രളയം ഉണ്ടായത്. നിരധി നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. അതിനിടെ ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം ഉണ്ടായി. ധരാലിക്ക് അടുത്ത് സുഖി എന്ന സ്ഥലത്താണ് മേഘവിസ്‌ഫോടനം ഉണ്ടായത്. മലമുകളില്‍ നിന്ന് കല്ലും മണ്ണും ഇടിഞ്ഞിറങ്ങി. ഇവിടം ജനവാസ മേഖലയല്ലാത്തതിനാല്‍ തന്നെ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പുഷ്‌കര്‍ ധാമിയുമായി സംസാരിച്ചതായും രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.