
വാഷിംഗ്ടൺ: യാഥാസ്ഥിതിക പ്രവർത്തകൻ ചാർളി കിർക്കിന്റെ കൊലപാതകം ആഘോഷിക്കുന്നവരുമായി രാജ്യത്തിന് യോജിച്ച് പോകാൻ സാധിക്കില്ലെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. കിർക്കിന്റെ പ്രശസ്തമായ റേഡിയോ പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് വാൻസ് വികാരഭരിതനായി തന്റെ പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ അർപ്പിച്ചത്.
കഴിഞ്ഞയാഴ്ച ഉട്ടാ വാലി യൂണിവേഴ്സിറ്റിയിൽ നടന്ന പരിപാടിയിൽ വെച്ചാണ് 31-കാരനായ കിർക്ക് വെടിയേറ്റ് മരിച്ചത്. ടേണിംഗ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനായ കിർക്ക് വാൻസിന്റെയും പ്രസിഡന്റ് ഡൊ
ഡോണൾഡ് ട്രംപിന്റെയും അടുത്ത സുഹൃത്താണ്. അദ്ദേഹത്തിന്റെ കൊലപാതകവും അതിനെ ഓൺലൈനിൽ ആഘോഷിക്കുന്ന ചിലരുടെ നിലപാടും യാഥാസ്ഥിതിക സമൂഹത്തെ ഞെട്ടിച്ചിട്ടുണ്ട്.
“എൻ്റെ സുഹൃത്തിനെ കൊലപ്പെടുത്തിയ ഈ പ്രവർത്തനങ്ങളെയും ആശയങ്ങളെയും അപലപിക്കുന്ന കാര്യത്തിൽ നമ്മുടെ രാജ്യം ഒന്നിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” വാൻസ് പറഞ്ഞു. “രാഷ്ട്രീയപരമായ അക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് പറയുന്ന ആളുകളുമായി മാത്രമേ നമുക്ക് ഒന്നിക്കാൻ സാധിക്കൂ.”
ഐസൻഹോവർ എക്സിക്യൂട്ടീവ് ഓഫീസ് ബിൽഡിംഗിലെ തന്റെ ഓഫീസിൽ നിന്നാണ് വാൻസ് ‘ദ ചാർലി കിർക്ക് ഷോ’യിൽ പങ്കെടുത്തത്. വൈറ്റ് ഹൗസ് പ്രസ് ബ്രീഫിംഗ് റൂമിൽ പരിപാടി തത്സമയം സംപ്രേഷണം ചെയ്തിരുന്നു. “ഒരാൾക്കും പകരമാകാൻ കഴിയാത്ത ഒരാൾക്ക് വേണ്ടിയാണ് ഞാൻ ഇവിടെ നിൽക്കുന്നത്, ഞാൻ എൻ്റെ പരമാവധി ശ്രമിക്കും,” എന്ന് പറഞ്ഞുകൊണ്ടാണ് വാൻസ് സംസാരിച്ച് തുടങ്ങിയത്.