എല്ലാത്തിനും കാരണം ഡെമോക്രാറ്റുകൾ, കുറ്റപ്പെടുത്തി വൈസ് പ്രസിഡന്‍റ്; തീവ്ര ഇടതുപക്ഷ നയങ്ങൾക്കെതിരെ വിമർശനം

വാഷിംഗ്ടണ്‍: സർക്കാർ അടച്ചുപൂട്ടൽ (Government Shutdown) ആരംഭിച്ചതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിൽ അടച്ചുപൂട്ടലിന്‍റെ ഉത്തരവാദിത്തം ഡെമോക്രാറ്റുകൾക്കാണെന്ന് കുറ്റപ്പെടുത്തി വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വാൻസ് നിലപാട് വ്യക്തമാക്കിയത്. “ആരോഗ്യ സംരക്ഷണ ചെലവുകളെക്കുറിച്ച് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നതുകൊണ്ട് നിങ്ങൾ ഗവൺമെന്റിനെ ബന്ദിയാക്കരുത്. നമുക്ക് ആ ചർച്ച നടത്താം, പക്ഷേ അത് ഗവൺമെന്റ് തുറന്ന് പ്രവർത്തിക്കുകയും അമേരിക്കൻ ജനതയ്ക്ക് അവശ്യ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആയിരിക്കണം,” വാൻസ് പറഞ്ഞു.

ഡെമോക്രാറ്റിക് പാർട്ടിയുടെ തീവ്ര ഇടതുപക്ഷം നയങ്ങളെ വാൻസ് വിമർശിക്കുകയും, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെ തുടർന്നാണ് അവർ അടച്ചുപൂട്ടലിന് തുടക്കമിട്ടതെന്നും ആരോപിച്ചു. സർക്കാർ തുറന്ന് പ്രവർത്തിക്കാൻ വോട്ട് ചെയ്യാൻ ഡെമോക്രാറ്റുകൾ വിസമ്മതിക്കുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന്, വാൻസ് രാഷ്ട്രീയ കാപട്യം ചൂണ്ടിക്കാട്ടുകയും അവരുടെ ആവശ്യങ്ങളുടെ സമയത്തെ ചോദ്യം ചെയ്യുകയും ചെയ്തു.

പ്രീമിയം സപ്പോർട്ടിനെക്കുറിച്ച് സെനറ്റ് ന്യൂനപക്ഷ നേതാവ് ചക്ക് ഷുമറുമായി സംസാരിക്കാൻ താൻ തയ്യാറാണെന്ന് വാൻസ് പറഞ്ഞു. എന്നാൽ അതിനുമുമ്പ് ഡെമോക്രാറ്റുകൾ സർക്കാർ വീണ്ടും തുറക്കാൻ വോട്ട് ചെയ്യണം എന്ന നിബന്ധനയും അദ്ദേഹം മുന്നോട്ട് വച്ചു. “അമേരിക്കക്കാർക്ക് വേണ്ടിയുള്ള ആരോഗ്യ സംരക്ഷണ ചെലവുകൾ കുറയ്ക്കുന്നതിൽ ഞങ്ങൾക്ക് വളരെയധികം താൽപ്പര്യമുണ്ട്, പക്ഷേ ബന്ദിയാക്കലിൽ ഏർപ്പെടുന്നവരുമായി ഞങ്ങൾ ചർച്ചകളിൽ ഏർപ്പെടില്ല, അതാണ് ഡെമോക്രാറ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നത്,” വാൻസ് കൂട്ടിച്ചേർത്തു.
പൊതുജനങ്ങളുടെയും രാഷ്ട്രീയപരമായുമുള്ള സമ്മർദ്ദത്തിന് ഡെമോക്രാറ്റിക് നേതൃത്വം ഒടുവിൽ വഴങ്ങുമെന്ന് വാൻസ് സൂചന നൽകി.

More Stories from this section

family-dental
witywide