
വാഷിംഗ്ടൺ: 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താനും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും മത്സരിച്ചാൽ തങ്ങൾക്കിടയിൽ ഒരു ഭിന്നതയും ഉണ്ടാകില്ലെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് വ്യക്തമാക്കി. ന്യൂയോർക്ക് പോസ്റ്റിന്റെ പോഡ് ഫോഴ്‌സ് വൺ എന്ന പരിപാടിക്ക് നൽകിയ അഭിമുഖത്തിലാണ് വാൻസ് ഇക്കാര്യം പറഞ്ഞത്. ഒന്നാമതായി, യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകില്ല. ഈ ഭരണകൂടത്തിലെ എൻ്റെ ഏറ്റവും അടുത്ത സുഹൃത്താണ് മാർക്കോ. ഞാനും അദ്ദേഹവുമായി ഒരുമിച്ച് ധാരാളം പ്രവർത്തിക്കുന്നുണ്ടെന്ന് വാൻസ് പറഞ്ഞു.
ഇതുവരെ, ‘എങ്ങനെ അമേരിക്കൻ പ്രസിഡന്റാകാം’ എന്ന് ആലോചിച്ച് ഞാൻ ഉണർന്നിട്ടില്ല. ‘ഒരു വൈസ് പ്രസിഡന്റ് എന്ന നിലയിൽ എങ്ങനെ നന്നായി പ്രവർത്തിക്കാൻ സാധിക്കും’ എന്നാണ് ഞാൻ ഉണരുമ്പോൾ ചിന്തിക്കാറുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2028-നെക്കുറിച്ച് സംസാരിക്കാൻ ഇപ്പോൾ സമയമായിട്ടില്ല എന്ന് വാൻസ് പറഞ്ഞെങ്കിലും, പ്രസിഡന്റ് ഡോണൾഡ് ട്രംപ് അങ്ങനെയല്ല കരുതുന്നത്. ഈ ആഴ്ച ആദ്യം എയർ ഫോഴ്സ് വണ്ണിൽ വെച്ച് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്, റൂബിയോ-വാൻസ് കൂട്ടുകെട്ട് തകർക്കാനാവാത്തതായിരിക്കും എന്നാണ്.
എങ്കിലും, റൂബിയോയുമായി ഈ സാധ്യതയെക്കുറിച്ച് താൻ തമാശയായി സംസാരിച്ചിട്ടേ ഉള്ളൂ എന്നാണ് വാൻസ് പറഞ്ഞത്. “ഏകദേശം ആറ് മാസം മുമ്പാണ് പ്രസിഡന്റ് ആദ്യമായി എന്നോട് ഇക്കാര്യം സ്വകാര്യ സംഭാഷണത്തിനിടെ പറഞ്ഞത്. ഞാൻ തമാശയായി സെക്രട്ടറിയോട് (റൂബിയോ) ഇതേക്കുറിച്ച് സൂചിപ്പിച്ചു. എന്നാൽ ഇതെല്ലാം ഇപ്പോൾ സംസാരിക്കുന്നത് വളരെ നേരത്തെയാണ്. കാരണം നമ്മളിപ്പോഴും വളരെ ആദ്യഘട്ടത്തിലാണെന്ന് വാൻസ് വ്യക്തമാക്കി.
















