
വാഷിംഗ്ടൺ: തന്‍റെ ഭാര്യയെ വംശീയമായി അധിക്ഷേപിച്ച വൈറ്റ് നാഷണലിസ്റ്റ് പോഡ്‌കാസ്റ്റർ നിക്ക് ഫ്യൂന്റസിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. അധിക്ഷേപം ചൊരിയുന്ന ഫ്യൂന്റസിനെപ്പോലുള്ളവർ മനുഷ്യവിസർജ്യം തിന്നട്ടെ എന്ന് ഒരു ബ്രിട്ടീഷ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ വാൻസ് പറഞ്ഞു. തന്റെ ഔദ്യോഗിക പദവി എന്തുതന്നെയായാലും കുടുംബത്തെ ആക്രമിക്കുന്നവരോടുള്ള നിലപാട് ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിലെ തീവ്ര വലതുപക്ഷ ചിന്താഗതിക്കാരനായ ഫ്യൂന്റസ്, വാൻസിന്റെ ഭാര്യ ഉഷ വാൻസിന്റെ ഇന്ത്യൻ പാരമ്പര്യത്തെയും വംശീയതയെയും മുൻനിർത്തി മുൻപ് അധിക്ഷേപങ്ങൾ നടത്തിയിരുന്നു. ഇതിനോടാണ് വാൻസ് ഇപ്പോൾ ശക്തമായി പ്രതികരിച്ചിരിക്കുന്നത്.
“എന്റെ ഭാര്യയെ ആക്രമിക്കുന്നവർ അത് നിക്ക് ഫ്യൂന്റസ് ആയാലും മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി ആയാലും എന്റെ നിലപാട് ഒന്ന് തന്നെ. അവർക്ക് മാപ്പില്ല,” വാൻസ് പറഞ്ഞു. ഫ്യൂന്റസിനെപ്പോലുള്ളവർക്ക് യാഥാസ്ഥിതികർക്കിടയിൽ വലിയ സ്വാധീനമുണ്ടെന്ന വാദം വാൻസ് തള്ളി. അയാൾ കേവലം ഒരു പോഡ്‌കാസ്റ്റർ മാത്രമാണെന്നും ഒരു ചെറിയ വിഭാഗം യുവാക്കൾ മാത്രമാണ് അയാളെ പിന്തുടരുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു.
വലതുപക്ഷത്തെ ഇത്തരം ചെറുകിട ഗ്രൂപ്പുകളെ ചർച്ച ചെയ്യുന്നതിന് പകരം, വെള്ളക്കാരെ വിവേചനത്തിന് ഇരയാക്കുന്ന ലിബറൽ നയങ്ങളെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്ന് വാൻസ് വാദിച്ചു. സർവകലാശാലാ പ്രവേശനത്തിലും ജോലികളിലും വെള്ളക്കാർക്കെതിരായ വിവേചനം നല്ലതാണെന്ന് വരുത്തിത്തീർക്കാനാണ് ചില രാഷ്ട്രീയ നേതാക്കൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. യാഥാസ്ഥിതിക രാഷ്ട്രീയത്തിൽ ആരെയും പുറത്താക്കുന്നതിനോ ഒറ്റപ്പെടുത്തുന്നതിനോ താൻ താല്പര്യപ്പെടുന്നില്ലെന്ന് ‘ടേണിംഗ് പോയിന്റ് യുഎസ്എ’ കൺവെൻഷനിലും വാൻസ് ആവർത്തിച്ചു.












