കത്തോലിക്ക സഭയിൽ സ്ത്രീകൾക്കു തത്‌കാലം ഡീക്കൻപദവി നൽകേണ്ടതില്ലെന്ന് വത്തിക്കാൻ കമ്മിഷൻ. ഇതുസംബന്ധിച്ച് പഠിച്ച വത്തിക്കാൻ കമ്മിഷനാണ് നിർദേശിച്ചത്. പൗരോഹിത്യത്തിലേക്കുള്ള ചുവടുകളിലൊന്നായാണ് ഈ പദവിയെ കാണുന്നത്. ഇതു സ്ത്രീകൾക്കും നൽകുന്നതിനെക്കുറിച്ച് കൂടുതൽ പഠിക്കാനാണ് കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 18-നു നൽകിയ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ മാർപാപ്പ നിർദേശിക്കുകയായിരുന്നു. തീരുമാനം അന്തിമമല്ലെന്ന് കമ്മിഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
റോം ആസ്ഥാനമായ കന്യാസ്ത്രീകളുടെ കൂട്ടായ്മയുടെ ആവശ്യപ്രകാരം 2016-ൽ ഫ്രാൻസിസ് മാർപാപ്പയാണ് ഇതുസംബന്ധിച്ച ചർച്ച തുടങ്ങിയത്. വിഷയം പഠിക്കാൻ രണ്ടു കമ്മിഷനുകളെ അദ്ദേഹം നിയോഗിക്കുകയും ചെയ്തു. ഇതിൽ ഇറ്റലിയിലെ ആക്വില അതിരൂപതയുടെ മുൻ ആർച്ച്ബിഷപ്പും കർദിനാളുമായ ജ്യുസെപ്പെ പെത്രോക്കി അധ്യക്ഷനായ കമ്മിഷനാണ് ലിയോ പതിന്നാലാമൻ മാർപാപ്പയ്ക്ക് ഈ ശുപാർശ നൽകിയത്.
2022-ൽ നടന്ന കമ്മിഷൻ്റെ സിറ്റിങ്ങിൽ ഒന്നിനെതിരേ ഏഴു വോട്ടുകൾക്കാണ് ഇപ്പോഴത്തെ തീരുമാനമെടുത്തത്. സിനഡിന്റെ നിർദേശപ്രകാരം വീണ്ടും അഭിപ്രായങ്ങൾ തേടി. എന്നാൽ, വിവിധ രാജ്യങ്ങളിൽനിന്ന് 22 പരാതികളാണു ലഭിച്ചത്. ഇവയിലെ ആവശ്യങ്ങളും പരിഗണിച്ചശേഷമാണ് മുൻതീരുമാനം ഇപ്പോൾ ഉറപ്പിച്ചത്. സ്വാഭാവികമായും രണ്ടഭിപ്രായങ്ങൾ ഈ വിഷയത്തിലുണ്ടായി.
കമ്മിഷൻ്റെ തീരുമാനത്തെ വിവിധ രാജ്യങ്ങളിലുള്ള സംഘടനകൾ വിമർശിച്ചു. അതേസമയം, സാമൂഹികസേവന മേഖലകളിൽ ഇടപെടുന്ന മിനിസ്ട്രികളിൽ വനിതാഡീക്കൻമാരെ നിയമിക്കാമെന്ന് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. അത്തരം രംഗങ്ങളിൽ അവരിപ്പോൾ നേരിടുന്ന ലിംഗവിവേചനം തടയുന്നതിന് ഇതുപകരിക്കും. എന്നാൽ, ഇതേക്കുറിച്ച് കമ്മിഷൻ കൂടുതൽ വിശദീകരിച്ചിട്ടില്ല. ഭരണപരമായ മേഖലകളിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്നതാണ് കമ്മിഷൻ ശുപാർശകളെന്ന് സിറോ മലബാർ സഭ മുൻ വക്താവ് ഫാ. പോൾ തേലക്കാട്ട് പറഞ്ഞു. ആ നിലയ്ക്ക് ഇതു സ്വാഗതാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Vatican Commission on Women’s Deaconry in the Catholic Church; No need to grant deaconry status for the time being















