
കൊച്ചി : കര്‍ക്കടകവാവിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലിതര്‍പ്പണങ്ങള്‍ തുടങ്ങി. ആലുവ മണല്‍പ്പുറത്ത് ഇന്ന് പുലര്‍ച്ചെ 2.30 നാണ് പിതൃ കര്‍മ്മങ്ങള്‍ തുടങ്ങിയത്. മേല്‍ശാന്തി മുല്ലപ്പള്ളി ശങ്കരന്‍ നമ്പൂതിരിയാണ് മുഖ്യകാര്‍മികത്വം. കനത്ത മഴയെ തുടര്‍ന്ന് മണപ്പുറത്തെ ചെളി നിറഞ്ഞ ഭാഗങ്ങളില്‍ പാറപ്പൊടിയും മെറ്റലുമിട്ട് ഭക്തര്‍ക്ക് നടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ക്ഷേത്രദര്‍ശനത്തിനു വരി നില്‍ക്കാനുള്ള നടപ്പന്തല്‍, ബാരിക്കേഡുകള്‍ താല്‍ക്കാലിക കൗണ്ടറുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. നടപ്പന്തലില്‍ ഒരേസമയം 500 പേര്‍ക്ക് നിന്ന് തൊഴാന്‍ കഴിയും. നടപ്പാലം വഴിയും ആല്‍ത്തറ റോഡ് വഴിയും
മഹാദേവക്ഷേത്രത്തിലേക്ക് വരുന്നവര്‍ക്ക് ബാരിക്കേഡുകള്‍ കെട്ടി പ്രത്യേക വഴിയും തയ്യാറാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ ഭക്തര്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ അന്നദാനം ഉണ്ടാകും.
പൊലിസും ഫയര്‍ഫോഴ്‌സും ബോട്ട് ഉള്‍പ്പെടേ വേണ്ട സുരക്ഷ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ആലുവയില്‍ അഞ്ഞൂറോളം പൊലീസുകാര്‍ സുരക്ഷയൊരുക്കും. ബസ് സ്റ്റാന്റ്, റയില്‍വേ സ്റ്റേഷന്‍, മെട്രോ തുടങ്ങിയ ഇടങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മോഷണം തടയുന്നതിന് മഫ്തിയിലും പൊലീസുകാരുണ്ടാകും.
അതേസമയം, ശ്രീനാരായണഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും ബലിതര്‍പ്പണം നടക്കുന്നുണ്ട്. പെരുമ്പാവൂര്‍ ചേലമറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കര്‍ക്കിടകവാവു ബലിതര്‍പ്പണം ഇന്ന് പുലര്‍ച്ചെ തുടങ്ങി. ഉച്ചയ്ക്ക് ഒന്ന് വരേ തര്‍പ്പണത്തിന് സൗകര്യം ഉണ്ടാകും. ഒരേ സമയം ആയിരം പേര്‍ക്ക് ബലിയിടാവുന്ന പതിനാറ് ബലികള്‍ ഒരുക്കിയിട്ടുണ്ട്.
പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടകത്തിലേത്. അമാവാസി ദിനത്തില്‍ എല്ലാ മാസവും ബലിതര്‍പ്പണം നടത്താമെങ്കിലും രാമായണ മാസം കൂടിയായ കര്‍ക്കടകത്തിലെ വാവുബലിക്ക് പ്രത്യേക പ്രാധാന്യമാണുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു.