
കൊച്ചി: വർഗീയ പരാമർശ വിവാദത്തിൽ തുറന്നടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. തനിക്കെതിരെ വേട്ടയാടൽ നടക്കുന്നുവെന്ന് ആരോപിച്ച വെള്ളാപ്പള്ളി, “കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ എന്ത് കുന്തമെടുത്ത് എറിഞ്ഞാലും ഞാൻ പറയേണ്ടത് ഭയമില്ലാതെ പറയും,” എന്ന് വ്യക്തമാക്കി. “ഞാൻ പാവപ്പെട്ടവർക്ക് വേണ്ടി നിൽക്കുന്നവനാണ്. പണക്കാർക്ക് എന്റെ നിലപാടുകൾ ഇഷ്ടമല്ല. സംഘടിത വോട്ട് ബാങ്ക് സമുദായങ്ങൾ അധികാരം കയ്യടക്കിയപ്പോൾ, അസംഘടിത സമുദായങ്ങൾ പിന്നോക്കം പോയി,” എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വർഗീയത പരത്തുന്നുവെന്ന ആരോപണത്തിനെതിരെ കേസെടുക്കാൻ വെള്ളാപ്പള്ളി വെല്ലുവിളിച്ചു. “ഞാനാണോ വർഗീയത പരത്തുന്നത്? എന്റെ സമുദായത്തിന്റെ അവകാശങ്ങൾക്കായാണ് ഞാൻ സംസാരിക്കുന്നത്. ഞാൻ എന്തെങ്കിലും പറഞ്ഞാൽ ഇടതും വലതും ഒന്നിച്ച് എന്നെ ആക്രമിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു. “ഇവർ എന്ത് ചെയ്താലും മിണ്ടാതിരുന്നാൽ മതസൗഹാർദം, എന്തെങ്കിലും പറഞ്ഞാൽ മതവിദ്വേഷം എന്നാണ് ആക്ഷേപം,” എന്നും വെള്ളാപ്പള്ളി വിമർശിച്ചു. സാമൂഹിക-സാമ്പത്തിക സർവേ നടത്തണമെന്നും, ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ സാമൂഹിക നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു ഈഴവനെയും ഇവിടെ വളരാൻ അനുവദിക്കുന്നില്ല. കേരളത്തിൽ ആർ ശങ്കറിനെയും വി എസ് അച്യുതാനന്ദനെയും ഗൗരിയമ്മയെയും ആക്രമിച്ചില്ലേയെന്നും വെള്ളാപ്പള്ളി ചോദിച്ചു. പിണറായി വിജയന് ശേഷം ഇനി ഒരു 100 കൊല്ലത്തേക്ക് ഒരു ഈഴവൻ കേരളത്തിൽ മുഖ്യമന്ത്രിയാകില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. നവോത്ഥാന സംരക്ഷണ സമിതിയിൽ നിന്ന് ഞാൻ രാജിവയ്ക്കണമെന്ന ആവശ്യത്തോടും വെള്ളാപ്പള്ളി രൂക്ഷമായി പ്രതികരിച്ചു. ഇവരുടെ അപ്പൻമാരല്ല എന്നെ അവിടെ കൊണ്ടിരിത്തിയത് പറയുമ്പോ രാജിവയ്ക്കാനെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. താൻ പറയുന്ന സാമൂഹ്യ സത്യങ്ങൾ ഉൾക്കൊള്ളണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.