
വാഷിംഗ്ടണ്‍ : അമേരിക്ക കരീബിയന്‍ കടലിലേക്ക് ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് അയയ്ക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ. ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ വിന്യസിച്ചുകൊണ്ട് അമേരിക്ക ‘ഒരു യുദ്ധം മെനയുന്നു’ എന്നാണ് മഡുറോയുടെ വാദം.
90 വിമാനങ്ങള്‍ വരെ വഹിക്കാന്‍ കഴിയുന്ന യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് വിമാനവാഹിനിക്കപ്പലിനെ വെള്ളിയാഴ്ച മെഡിറ്ററേനിയനില്‍ നിന്ന് മാറ്റാന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഉത്തരവിട്ടിരുന്നു. കപ്പല്‍ കരീബിയന്‍ കടലിലേക്ക് വിന്യസിക്കാനാണ് ട്രംപിന്റെ നിര്‍ദേശം.
‘ഇനി ഒരിക്കലും ഒരു യുദ്ധത്തില്‍ ഏര്‍പ്പെടില്ലെന്ന് അവര്‍ വാഗ്ദാനം ചെയ്തു, എന്നിട്ട് അവര്‍ ഒരു പുതിയ യുദ്ധം കെട്ടിച്ചമയ്ക്കുകയാണ്.’- മഡുറോ മാധ്യമങ്ങളോട് പറഞ്ഞു.
മയക്കുമരുന്ന് കടത്തുകാരെ ലക്ഷ്യം വച്ചുള്ള ഒരു നീക്കത്തിന്റെ ഭാഗമായാണ് യുഎസിന്റെ മധ്യ-ദക്ഷിണ ഭാഗത്തെ കടല്‍ മേഖലയിലേക്ക് യുഎസ് കൂടുതല്‍ സൈനിക വിന്യാസം നടത്തുന്നതെന്നാണ് പീറ്റ് ഹെഗ്‌സെത്ത് വിശദീകരണം നല്‍കിയത്. എന്നാല്‍ ഇത് വെനസ്വേലയ്ക്ക് അധിക ആശങ്ക നല്‍കുന്നുണ്ട്. ട്രംപിന്റെ ദീര്‍ഘകാല ശത്രുവാണ് മഡുറോ. മയക്കുമരുന്ന് കടത്ത് സംഘടനയുടെ നേതാവാണ് അദ്ദേഹം എന്ന് ട്രംപ് ആവര്‍ത്തിച്ച് ആരോപിക്കുന്നുണ്ട്. എന്നാല്‍ മഡുറോ അത് നിഷേധിക്കുന്നുമുണ്ട്. അതേസമയം, മയക്കുമരുന്ന് കടത്തുന്ന ഒരു ബോട്ടില്‍ യുഎസ് സൈന്യം പത്താമത്തെ ആക്രമണം നടത്തിയതായും ആറ് പേര്‍ കൊല്ലപ്പെട്ടതായും വെള്ളിയാഴ്ച ഹെഗ്സെത്ത് പറഞ്ഞിരുന്നു. കപ്പലുകളില്‍ മയക്കുമരുന്ന് കടത്തിയവര്‍ക്കെതിരെ യുഎസ് സെപ്റ്റംബര്‍ മുതല്‍ നടത്തിവരുന്ന ആക്രമണത്തില്‍ ഇതുവരെ ആകെ 43 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Venezuelan President Maduro against US warships deployment in caribbean sea













