‘വളരെ വലിയ പ്രശ്നം’; അപ്രതീക്ഷിതമായി ‘കംഫർട്ട് വുമൺ’ വിഷയം എടുത്തിട്ട് ട്രംപ്, ജപ്പാന് മുന്നോട്ട് പോകണമെന്ന് യുഎസ് പ്രസിഡന്‍റ്

വാഷിംഗ്ടൺ: ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് ലീ ജേ മ്യൂങ്ങുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ, ‘കംഫർട്ട് വുമൺ’ എന്ന വിഷയത്തിൽ ശ്രദ്ധ ക്ഷണിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സാധാരണയായി സുരക്ഷാ ബന്ധങ്ങൾ, ഉത്തര കൊറിയ, സാമ്പത്തിക സഹകരണം എന്നിവയിലായിരുന്നു ഇരുവരും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
“വനിതകളുമായി ബന്ധപ്പെട്ട ഈ വിഷയം. പ്രത്യേകിച്ച് കംഫർട്ട് വുമൺ. ഞങ്ങൾ ഇതിനെക്കുറിച്ച് സംസാരിച്ചു. ഇത് കൊറിയക്ക് ഒരു വലിയ പ്രശ്നമാണ്. ജപ്പാന് അങ്ങനെയല്ല, അവർക്ക് മുന്നോട്ട് പോകണം. പക്ഷേ കൊറിയ ഇതിൽ ഉറച്ചുനിൽക്കുന്നു,” ലീക്ക് അരികിൽ ഇരുന്നുകൊണ്ട് തന്നെ ട്രംപ് പറഞ്ഞു.

‘കംഫർട്ട് വുമൺ’ എന്ന പദം രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്റെ സൈന്യം ലൈംഗിക അടിമത്തത്തിന് നിർബന്ധിച്ച സ്ത്രീകളെയും പെൺകുട്ടികളെയും സൂചിപ്പിക്കുന്നു. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യക്കടത്ത് കേസുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ സംഭവത്തിൽ ലക്ഷക്കണക്കിന് ആളുകൾ ഇരകളായിട്ടുണ്ടെന്ന് ചരിത്രകാരന്മാർ കണക്കാക്കുന്നു.

ജപ്പാന്റെ കൊളോണിയൽ ഭരണത്തിന്റെ പാരമ്പര്യം ഇപ്പോഴും ദക്ഷിണ കൊറിയയിലും ജപ്പാനിലും ചർച്ചയായിരിക്കുന്ന സമയത്താണ് ട്രംപിന്റെ ഈ പരാമർശം. റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ റിപ്പോർട്ടനുസരിച്ച്, 2015-ലെ കരാർ “അട്ടിമറിക്കുന്നത് അഭികാമ്യമല്ല” എന്ന് ലീ അടുത്തിടെ ജാപ്പനീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ കരാർ അനുസരിച്ച് ടോക്കിയോ ക്ഷമാപണം നടത്തുകയും ഇരകൾക്ക് ഒരു ബില്യൺ യെൻ (6.8 ദശലക്ഷം ഡോളർ) നൽകുകയും ചെയ്തിരുന്നു. പക്ഷേ ഈ കരാർ പല ദക്ഷിണ കൊറിയക്കാർക്കും ഇപ്പോഴും സ്വീകരിക്കാൻ വളരെ ബുദ്ധിമുട്ടാണ് എന്നും ലീ വ്യക്തമാക്കിയിരുന്നു.

More Stories from this section

family-dental
witywide