ചെന്നൈ: അടുത്ത വര്‍ഷം നടക്കുന്ന തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌യെ തീരുമാനിച്ച പ്രമേയവുമായി ടിവികെ. വിജയ്‌യുടെ നേതൃത്വത്തെ പിന്തുണക്കാന്‍ ആഗ്രഹിക്കുന്ന പാര്‍ട്ടികളെ സഖ്യത്തിന് വേണ്ടിയും ടിവികെ ക്ഷണിച്ചു. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കാൻ വിജയിന് അധികാരമുണ്ടായിരിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.
ടിവികെയുടെ സംസ്ഥാന അഡ്മിനിസ്‌ട്രേറ്റര്‍മാരും ജില്ലാ സെക്രട്ടറിമാരും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് നാല് പ്രമേയങ്ങള്‍ പാസാക്കിയത്. അഴിമതി ആരോപണത്തില്‍ മുങ്ങി നില്‍ക്കുന്ന ഡിഎംകെ സര്‍ക്കാരിനെ താഴെ ഇറക്കി പുതിയ തമിഴ്‌നാടിനെ നിര്‍മിക്കുമെന്നാണ് ടിവികെയുടെ അവകാശവാദം. തെരഞ്ഞെടുപ്പ് സഖ്യത്തിനായുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടി പ്രത്യേക കമ്മിറ്റിയെയും പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ മുഴുവന്‍ ഉത്തരവാദിത്തവും ചുമതലകളും വിജയ് തന്നെ തീരുമാനിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.
രാഷ്ട്രീയ എതിരാളികള്‍ നടത്തുന്ന പ്രചരണങ്ങള്‍ക്ക് കനത്ത പ്രചാരണം നടത്താനാണ് ടിവികെയുടെ തീരുമാനം. യോഗത്തില്‍ ഏകകണ്ഠമായാണ് പ്രമേയങ്ങള്‍ പാസാക്കിയത്. അതേസമയം വിജയ് നടത്തുന്ന സംസ്ഥാന പര്യടനം തുടരും. 16ന് ഈ റോഡ് പൊതുയോഗം നടത്താനാണ് ടിവികെയുടെ നീക്കം. എന്നാല്‍ ഇതിനിടെ 27 വര്‍ഷത്തോളം വിജയ്‌യുടെ പിആര്‍ഒ ആയിരുന്ന പി ടി സെല്‍വകുമാര്‍ ഡിഎംകെയില്‍ ചേര്‍ന്നത് പാര്‍ട്ടിക്ക് തിരിച്ചടിയായി. വിജയ്‌യുടെ ഏകാധിപത്യമാണ് ടിവികെയിലെന്നും പിതാവ് എസ് എ ചന്ദ്രശേഖറിന് പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ലെന്നും സെല്‍വകുമാര്‍ കുറ്റപ്പെടുത്തി.
Vijay becomes CM; TVK decides to form alliance with supporters










