കാലിഫോർണിയ: ഏതാനും ദിവസങ്ങൾക്ക് മുൻപ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ച അമേരിക്കയുടെ വാക്സീൻ മേധാവിയായിരുന്ന വിനയ് പ്രസാദ് തന്റെ സ്ഥാനത്തേക്ക് മടങ്ങിയെത്തി. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അഭ്യർഥന മാനിച്ചാണ് വിനയ് പ്രസാദ് സെന്റർ ഫോർ ബയോളജിക്സ് ഇവാലുവേഷൻ ആൻഡ് റിസർച്ച് തലവനായി വീണ്ടും ചുമതലയേറ്റത്. രാഷ്ട്രീയപരമായ സമ്മർദ്ദങ്ങളും വിവാദങ്ങളുമാണ് വിനയ് പ്രസാദിൻ്റെ രാജിക്ക് പിന്നിൽ പ്രധാന കാരണമെന്നാണ് റിപ്പോർട്ടുകൾ.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എഫ്ഡിഎ ഒരു അപൂർവ രോഗത്തിനുള്ള മരുന്ന് സംബന്ധിച്ച് എടുത്ത ചില തീരുമാനങ്ങൾ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. വിനയ് പ്രസാദിന്റെ രാജിക്ക് പിന്നാലെ എഫ്‌ഡിഎ കമ്മിഷണർ മാർട്ടിൻ മക്കാരി അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. പ്രസാദിൻ്റെ ശാസ്ത്രീയമായ അറിവും സുതാര്യതയും എഫ്ഡിഎക്ക് ആവശ്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കിടയിലും, എഫ്‌ഡിഎയുടെ നേതൃത്വം പ്രസാദിനെ ശക്തമായി പിന്തുണച്ചിരുന്നു.
തുടർന്നാണ് വൈറ്റ് ഹൗസ് അദ്ദേഹത്തിന്റെ രാജിക്ക് കാരണമായ വിഷയങ്ങൾ പരിശോധിക്കുകയും തുടർന്ന് തിരിച്ചെടുക്കാൻ തീരുമാനിക്കുകയും ചെയ്തത്. ഹെമറ്റോളജിസ്‌റ്റ്- ഓങ്കോളജിസ്‌റ്റും ആരോഗ്യ ഗവേഷകനുമായ ഡോ. വിനയ് പ്രസാദ് സാൻ ഫ്രാൻസിസ്കോ സർവകലാശാലയിലെ എപ്പിഡെമിയോളജി ആൻഡ് ബയോസ്‌റ്റാറ്റിസ്റ്റിക്സ് പ്രഫസറായിരുന്നു. 2025 മേയ് മാസത്തിലാണ് അദ്ദേഹം എഫ്സിഎയുടെ ഡയറക്ടറായി ചുമതലയേറ്റത്.











