ജനവാസമേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാം; നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : ജനവാസമേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി പ്രത്യേക മന്ത്രിസഭാ യോഗം. നിയമസഭയിൽ അവതരിപ്പിക്കാനുള്ള ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിനായി പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേർന്നിരുന്നു. വരുന്ന നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാനാണ് നീക്കം.

വനം വകുപ്പുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന ബില്ലുകളാണ് മന്ത്രിസഭാ യോഗം പരിഗണിക്കുന്നത്. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ട് വരുന്നത്. കേന്ദ്ര നിയമമുള്ളതിനാൽ ഇത് നിലനിൽക്കുമോ എന്ന സംശയമുണ്ട്. ഗവര്‍ണറുടെയും രാഷ്ട്രപതിയുടെയും ഉള്‍പ്പെടെ അംഗീകാരം ഇതിന് ആവശ്യമാണ്. 

കേന്ദ്ര നിയമത്തിൽ ഭേദഗതി സംസ്ഥാനത്തിന് കൊണ്ട് വരണമെങ്കിൽ രാഷ്ട്രപതിയുടെ അനുമതി വേണം. അക്രമകാരികളായ മൃഗങ്ങളെ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കാനുള്ള ബില്ലും കൊണ്ട് വരും. ഇക്കോ ടൂറിസം ബില്ലും ഈ സഭാ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാനാണ് നീക്കം.

സ്വകാര്യഭൂമിയിലെ ചന്ദനം വനം വകുപ്പ് വഴി മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട ബില്ലും മന്ത്രിസഭായോഗം പരിഗണിക്കും. വനം കേസുകളുടെ ഒത്തുതീർപ്പ് കോടതി മുഖേന മാത്രം മതിയെന്ന നിയമ ഭേദഗതി ബില്ലും ഈ സഭാ സമ്മേളനത്തിൽ കൊണ്ടുവരും .

More Stories from this section

family-dental
witywide