
വാഷിംഗ്ടൺ: ഇന്ത്യക്കാരടക്കം വിദേശ വിദ്യാര്‍ത്ഥികൾക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ് ഭരണകൂടം. ക്ലാസുകൾ ഒഴിവാക്കുകയോ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും മറ്റ് വിദേശ വിദ്യാർത്ഥികൾക്കും വിസ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഭാവിയിൽ യുഎസ് വിസയ്ക്ക് അപേക്ഷിക്കാൻ കഴിഞ്ഞേക്കില്ലെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
പഠനം ഉപേക്ഷിക്കുകയോ, ക്ലാസുകൾ ഒഴിവാക്കുകയോ, അല്ലെങ്കിൽ സ്കൂളിനെ അറിയിക്കാതെ പഠന പരിപാടിയിൽ നിന്ന് പിന്മാറുകയോ ചെയ്താൽ സ്റ്റുഡന്‍റ് വിസ റദ്ദാക്കപ്പെടാം. കൂടാതെ ഭാവിയിൽ യുഎസ് വിസകൾക്ക് അപേക്ഷിക്കാനുള്ള യോഗ്യതയും നഷ്ടപ്പെട്ടേക്കാം. എന്തെങ്കിലും പ്രശ്നങ്ങൾ ഒഴിവാക്കാൻ വിസ നിബന്ധനകൾ എപ്പോഴും പാലിക്കുകയും വിദ്യാർത്ഥി പദവി നിലനിർത്തുകയും ചെയ്യണമെന്ന് ഇന്ത്യയിലെ യുഎസ് എംബസി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
മുൻകൂർ അറിയിപ്പ് കൂടാതെ വിസകൾ റദ്ദാക്കിക്കൊണ്ട് വിദേശ വിദ്യാർത്ഥികൾക്കെതിരായ നടപടികൾ യുഎസ് സർക്കാർ ശക്തമാക്കിയിട്ടുണ്ട്. പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ മുതൽ ട്രാഫിക് നിയമലംഘനങ്ങൾ വരെ ഓരോ കേസിലും കാരണങ്ങൾ വ്യത്യസ്തമാണ്. ഇത് പലപ്പോഴും വിദ്യാർത്ഥികളെ നിയമപരമായ പ്രതിസന്ധിയിലേക്കും വലിയ ആശയക്കുഴപ്പത്തിലേക്കും തള്ളിവിട്ട അവസ്ഥയാണ്.