
വാഷിംഗ്ടൺ: അമേരിക്കൻ രാഷ്ട്രീയത്തിൽ കർക്കശ നിലപാടുകളും വിവാദ പ്രസംഗങ്ങളും കൊണ്ട് ശ്രദ്ധ നേടിയ വിവേക് രാമസ്വാമി ഇപ്പോൾ തന്റെ രാഷ്ട്രീയ ശൈലിയിൽ വലിയ മാറ്റം വരുത്തി പുതിയ ഇമേജ് സൃഷ്ടിക്കുകയാണ്. മുമ്പ് അമേരിക്കയിൽ ഒരു ‘സാംസ്കാരിക ആഭ്യന്തരയുദ്ധം’ നടക്കുന്നുണ്ടെന്നും വർണാധിപത്യം ഒരു മിഥ്യയാണെന്നും വാദിച്ചിരുന്ന രാമസ്വാമി, ഇപ്പോൾ അനാവശ്യ വിവാദങ്ങളില്ലാത്ത ഒരു യാഥാസ്ഥിതികനായി സ്വയം അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. 2026-ലെ ഒഹായോ ഗവർണർ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ മാറ്റമാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
നിലവിലെ ഗവർണർ മൈക്ക് ഡിവൈനിനെപ്പോലെ ശാന്തവും മിതത്വമുള്ളതുമായ വോട്ടർമാരെ ആകർഷിക്കുകയും റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ വംശീയ-രാഷ്ട്രീയ ചർച്ചകളിൽ സ്വന്തം സ്ഥാനം ഉറപ്പിക്കുകയുമാണ് ഇദ്ദേഹത്തിന്റെ പുതിയ തന്ത്രം. ഈ മാസം ആദ്യം നടന്ന ‘അമേരിക്ക ഫെസ്റ്റ്’ പരിപാടിയിൽ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളെയും നിക്ക് ഫ്യൂന്റസിനെപ്പോലുള്ള വംശീയവാദികളെയും രാമസ്വാമി ശക്തമായി വിമർശിച്ചു. സ്വന്തം പാർട്ടിക്കുള്ളിൽ വളർന്നുവരുന്ന വംശീയ വിദ്വേഷത്തെ അദ്ദേഹം തള്ളിക്കളഞ്ഞു.
മുമ്പ് റൊണാൾഡ് റീഗന്റെ ആശയങ്ങളെ വിമർശിച്ചിരുന്ന രാമസ്വാമി ഇപ്പോൾ റീഗന്റെ വാക്കുകൾ തന്നെ ഉദ്ധരിച്ച് പ്രസംഗിക്കുന്നു. ലോകത്തിന്റെ ഏത് കോണിൽ നിന്ന് വന്നാലും അമേരിക്കയിലെത്തിയാൽ പൂർണ അമേരിക്കക്കാരനാകാൻ കഴിയുമെന്നും അത് അമേരിക്കയുടെ പ്രത്യേകതയാണെന്നും റീഗൻ പറഞ്ഞ വാക്കുകൾ ചൂണ്ടിക്കാട്ടി അദ്ദേഹം തന്റെ പുതിയ നിലപാട് വ്യക്തമാക്കി.














